| Sunday, 12th March 2023, 10:54 am

മലയാളി വിദ്യാര്‍ത്ഥികളെ വംശീയമായി ടാര്‍ഗറ്റ് ചെയ്യുന്നു; കേന്ദ്രത്തിന് ജോണ്‍ ബ്രിട്ടാസ് എം.പിയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി ട്രൈബല്‍ യുണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനിനയച്ച കത്തിലാണ് ബ്രിട്ടാസിന്റെ പ്രതികരണം.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന പ്രവണത കേന്ദ്ര സര്‍വകലാശാലകളില്‍ വ്യാപകമാണെന്നും ഉപരിപഠനത്തിനായി അന്യസംസ്ഥാനത്ത് പോവുന്ന വിദ്യാര്‍ത്ഥികള്‍ ഭീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്നും, കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

‘ഇന്ദിരാഗാന്ധി ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടണം. ആസൂത്രിതമായ ആക്രമണമാണ് സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരെന്ന് പറയുന്നയാളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയിരിക്കുന്നത്. ഇതിനെ കേവലം യാദൃശ്ചികമെന്ന് പറഞ്ഞ് തള്ളാനൊക്കില്ല.

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്നിട്ടുള്ള കരുതിക്കൂട്ടിയുള്ള ആക്രമണങ്ങളുടെ തുടര്‍ച്ചയാണിത്. നാടിന്റെയും, ഭാഷയുടെയും, വംശത്തിന്റെയും പേരില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇതിന് മുമ്പും അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവരെ രാജ്യത്തുടനീളം ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ട് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ തയ്യാറാവണം,’ എം.പി കത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ക്യാമ്പസിനകത്തെ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി സെല്‍ഫിയെടുത്തെന്നാരോപിച്ച് വിദ്യാര്‍ത്ഥികളായ നഷീല്‍, അഭിഷേക്, അദ്‌നാന്‍, ആദില്‍ റാഷിഫ് എന്നിവരെ പത്തോളം വരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ മുളവടിയുപയോഗിച്ച് ക്രൂരമായിമര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ ചെവിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ക്യാമ്പസിനകത്ത് ഇതിന് മുമ്പും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ടെന്നും മലയാളികളെ തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയാണെന്നും പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞിരുന്നു.

Content Highlight: M.P john brittas write letter to educationminister

We use cookies to give you the best possible experience. Learn more