ന്യൂദല്‍ഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ എം.പി ജവഹര്‍ സിര്‍ക്കാര്‍ രംഗത്ത്. എ.എന്‍.ഐ പോഡ്കാസ്റ്റ് എഡിറ്റര്‍ സ്മിത പ്രകാശുമായി ജയശങ്കര്‍ നടത്തിയ അഭിമുഖത്തിന് പിന്നാലെയാണ് ജയശങ്കറിനെ പരിഹസിച്ച് കൊണ്ട് മുന്‍ ഐ.എ.എസ് ഓഫീസര്‍ കൂടിയായ ജവഹര്‍ സിര്‍ക്കാര്‍ രംഗത്തെത്തിയത്.
കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരായ ജയശങ്കറിന്റെ പരാമര്‍ശം വിദേശകാര്യ മന്ത്രിയായി പ്രൊമോഷന്‍ നല്‍കിയ ബി.ജെ.പി സര്‍ക്കാരിനോടുള്ള നന്ദി പ്രകടനമാണോയെന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് ഭരണകാലത്ത് സര്‍ക്കാര്‍ സര്‍വീസില്‍ ഉന്നത പദവി നേടിയെടുത്തത് ജയശങ്കര്‍ മറക്കരുതെന്നും, അദ്ദേഹത്തിന് മറവി രോഗമുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും ജവഹര്‍ സിര്‍ക്കാര്‍ പറഞ്ഞു.
എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിനിടെ മുന്‍ പ്രധാന മന്ത്രിമാരായ ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും വിമര്‍ശിച്ച് ജയശങ്കര്‍ സംസാരിച്ചിരുന്നു. 1980ല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ഇന്ദിരാഗാന്ധി അന്ന് ഡിഫന്‍സ് സെക്രട്ടറിയായിരുന്ന തന്റെ അച്ഛന്‍ കെ സുബ്രമണ്യത്തെ അകാരണമായി സര്‍വീസില്‍ നിന്ന് പുറത്താക്കിയെന്നും, രാജീവ് ഗാന്ധിയുടെ കാലത്ത് തന്നേക്കാള്‍ ജൂനിയറായ മറ്റൊരാള്‍ക്ക് വേണ്ടി അദ്ദേഹത്തിനെ സര്‍വീസില്‍ നിന്ന് തഴഞ്ഞെന്നുമാണ് ജയശങ്കര്‍ പറഞ്ഞത്.
ഇതിനെ വിമര്‍ശിച്ച് കൊണ്ടാണ് ജവഹര്‍ സിര്‍ക്കാര്‍ രംഗത്ത് വന്നത്. കൂട്ടത്തില്‍ ഗുജറാത്ത് കലാപകാലത്ത് ജയശങ്കറിന്റെ അച്ഛന്‍ മോദിസര്‍ക്കാരിനെതിരെ നടത്തിയ പ്രസ്താവനയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
2002ലെ കലാപ സമയത്ത് ഗുജറാത്തില്‍ ധര്‍മ്മം നശിച്ചെന്നും, ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ പരാജയപ്പെട്ട അസുരന്‍മാരുടെ സര്‍ക്കാരാണിതെന്നും കെ സുബ്രമണ്യന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നിട്ടിപ്പോള്‍ അസുരന്‍മാരുടെ സര്‍ക്കാരിനെ സേവിക്കാന്‍ നാണമില്ലേയെന്നാണ് ജയശങ്കറിനോട് അദ്ദേഹം ചോദിച്ചത്.
ഗുജറാത്ത് കലാപത്തെ അടിസ്ഥാനമാക്കി ബി.ബി.സി പുറത്തിറക്കിയ ഡോക്യുമെന്ററിക്കെതിരെയും ജയശങ്കര്‍ അഭിമുഖത്തില്‍ പരാമര്‍ശിച്ചിരുന്നു. ബി.ബി.സി ഡോക്യുമെന്ററി പുറത്ത് വിട്ട സമയം യാദൃശ്ചികമല്ലെന്നും, തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആസൂത്രിത നീക്കമാണെന്നുമാണ് ജയശങ്കര്‍ പറഞ്ഞത്.
ഈ പ്രസ്താവനയെയും ജവഹര്‍ സിര്‍ക്കാര്‍ വിമര്‍ശിക്കുന്നുണ്ട്. ഡോക്യുമെന്ററിയെ വിമര്‍ശിക്കുന്നതിന് മുമ്പ് അതില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണോ എന്നാണ് നോക്കേണ്ടതെന്നും, മോദി വിചാരിച്ചിരുന്നെങ്കില്‍ ആയിരക്കണക്കിന് മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലേ എന്നും അദ്ദേഹം പറഞ്ഞു.
Content Highlight: M.P Jawahar sarkar slams S. Jayashankar