| Friday, 20th October 2023, 4:38 pm

വി.എസ് ആരുടെയും സൃഷ്ടിയല്ല, ആ കാലത്തിന്റെ രാഷ്ട്രീയം അയാളുടെ സൃഷ്ടിയായിരുന്നു: മീഡിയ വണ്ണിനെതിരെ ഇന്ത്യവിഷന്‍ മുന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഇന്ത്യവിഷന്‍ ചാനലിന്റെ സൃഷ്ടിയാണ് വി.എസ്. അച്യുതാനന്ദനെന്ന മീഡിയ വണ്‍ ന്യൂസ് എഡിറ്റര്‍ എസ്.എ. അജിംസിന്റെ പരാമര്‍ശത്തിനെതിരേ ഇന്ത്യാവിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം.പി. ബഷീര്‍. ‘വി.എസ് ആരുടെയും സൃഷ്ടിയല്ല, ആ കാലത്തിന്റെ രാഷ്ട്രീയം അയാളുടെ സൃഷ്ടിയായിരുന്നു,’ എന്നാണ് എം.പി. ബഷീര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ഔട്ട് ഓഫ് ഫോക്കസ് എന്ന മീഡിയവണ്‍ പരിപാടിയിലായിരുന്നു അജിംസ് വി.എസിനെ കുറിച്ച് പരാമര്‍ശം നടത്തിയത്.

സാങ്കേതികത്തികവും സാമ്പത്തിക ഭദ്രതയും മികച്ച ടീമും ഒക്കെ ഉണ്ടായിട്ടും, രാഷ്ട്രീയ ഇസ്‌ലാം  ഒന്നാം മതമായിപ്പോയതിനാല്‍ പാഴായിപോയ ഒരു സംരംഭമാണ് മീഡിയ വണ്ണെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വീഡിയോയുടെ തലക്കെട്ടെന്നും എം.പി. ബഷീര്‍ പറഞ്ഞു.

കേരളത്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്തവരുടെ മനോവിചാരങ്ങളാണിതെന്നും അജിംസിനെ വിമര്‍ശിച്ച് എ.പി. ബഷീര്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മീഡിയ വണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഒരു ദിവസം അതിന്റെ നടത്തിപ്പുകാരില്‍ ഒരാളായിരുന്ന സാജിദ് ഒരു കൂടിക്കാഴ്ചക്കിടെ പറഞ്ഞു, സാങ്കേതിക പരാധീനതകള്‍ ഇല്ലാത്തതും, സാമ്പത്തിക ഭദ്രതയുള്ളതുമായ ഒരു ഇന്ത്യാവിഷന്‍ ഉണ്ടക്കലാണ് അവരുടെ ലക്ഷ്യമെന്ന്. അത് നടക്കില്ലെന്ന് ഞാന്‍ പറഞ്ഞു. ഉള്ളില്‍ നുരഞ്ഞ ചിരി പുറത്തുകാട്ടാതെയാണ് ബാക്കി പറഞ്ഞത്. ‘ഞങ്ങളുടെ ഒന്നാമത്തെ മതം ജേര്‍ണലിസമാണ്, നിങ്ങള്‍ക്ക് മറ്റൊരു മതം സ്വന്തമായി വേറെയുണ്ടാവില്ലേ?..’

സാങ്കേതികത്തികവും സാമ്പത്തിക ഭദ്രതയും മികച്ച ടീമും ഒക്കെ ഉണ്ടായിട്ടും, രാഷ്ട്രീയ ഇസ്‌ലാം ഒന്നാം മതമായിപ്പോയതിനാല്‍ പാഴായിപോയ ഒരു സംരംഭമാണ് മീഡിയ വണ്‍. അതവര്‍ ഇടക്കിടെ തെളിയിച്ചു കൊണ്ടിരിക്കും. ഒടുവിലത്തെ ഉദാഹരണമാണ് ഈ തലക്കെട്ട്.

കേരളത്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്തവരുടെ മനോവിചാരങ്ങള്‍.
വി.എസ് ആരുടെയും സൃഷ്ടിയല്ല, ആ കാലത്തിന്റെ രാഷ്ട്രീയം അയാളുടെ സൃഷ്ടിയായിരുന്നു.

Content Highlight: M.P Basheer against Media One’s comment on V.S

We use cookies to give you the best possible experience. Learn more