| Wednesday, 9th November 2022, 9:44 pm

രാജ്ഭവനില്‍ നടന്നതൊക്കെ നാലാള്‍ കണ്ടു, ദര്‍ശനക്ക് ഹൃദയാഭിവാദ്യങ്ങള്‍; ജയ ജയഹേയെ അഭിനന്ദിച്ച് എ.എ.റഹീം എം.പി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായെത്തിയ പുതിയ ചിത്രമായ ജയ ജയ ജയ ജയഹേയെ പ്രശംസിച്ച് എ.എ. റഹീം എം.പി. തന്റെ ഫേസ്ബുക്ക് പേജിലാണ് ചിത്രത്തില്‍ അഭിനയിച്ച താരങ്ങളെയും സംവിധായകനെയും മറ്റ് അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ചുകൊണ്ട് റഹീം കുറിപ്പ് പങ്കുവെച്ചത്.

അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ സാമൂഹ്യഘടനയെ നിശിതമായി കടന്നാക്രമിക്കുന്ന ചിത്രമാണ് ജയ ജയ ജയ ജയഹേ എന്നും ജയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദര്‍ശന രാജേന്ദ്രന് അഭിനന്ദനങ്ങളെന്നും റഹീം കുറിച്ചു. സ്ത്രീവിരുദ്ധമായ പൊതുബോധത്തിനെതിരെയാണ് ചിത്രം സംസാരിക്കുന്നതെന്നും വിപിന്‍ദാസ് എന്ന സംവിധായകനില്‍ നിന്നും ഇനിയും മലയാളിക്ക് ഒരുപാട് പ്രതീക്ഷിക്കാമെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

ഇതൊരു നായക സിനിമയല്ലെന്നും നായികാ സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. നടന്‍ അസീസ് നെടുമങ്ങാടിന്റെ കരിയറിലെ മികച്ച പെര്‍ഫോമന്‍സായിരുന്നു അനിയണ്ണനെന്നും രണ്ട് സീനുകളില്‍ മാത്രം വന്നുപോകുന്ന നടന്‍ നോബിയും പ്രേക്ഷക മനസ്സില്‍ തന്റെ കഥാപാത്രത്തെ കൃത്യമായി അടയാളപ്പെടുത്തിയെന്നും സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ഗംഭീര പെര്‍ഫോമന്‍സാണെന്നും അദ്ദേഹം കുറിച്ചു.

”രാജ്ഭവനില്‍ നടന്നതൊക്കെ നാലാള്‍ കണ്ടു. കണ്ടവര്‍ ചിരിച്ചു, മനുഷ്യരെ ചിന്തിപ്പിച്ചു. രാജേഷും ജയയും രാജ്ഭവനിലെ സംഭവബഹുലമായ ജീവിതവും മാത്രമല്ല, ജയ ഈ മണ്ണില്‍ പിറന്നു വീണ നാള്‍ മുതല്‍ അവള്‍ കടന്നു വന്ന വഴികള്‍ എത്ര മനോഹരമായാണ് ആഖ്യാനം ചെയ്തിരിക്കുന്നത്.

അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ സാമൂഹ്യഘടനയെ നിശിതമായി കടന്നാക്രമിക്കുകയാണ് ജയ ജയ ജയഹേ. ശക്തമായ സ്ത്രീപക്ഷ സിനിമ. ദര്‍ശന രാജേന്ദ്രന്‍ എന്ന അതുല്യ പ്രതിഭയ്ക്ക് ഹൃദയാഭിവാദ്യങ്ങള്‍. ജയയുടെ അച്ഛനും അമ്മയും സഹോദരനും അമ്മാവനും സാധാരണക്കാരും ശുദ്ധാത്മാക്കളുമാണ്.

പക്ഷേ അവരാണ് ജയയുടെ സ്വപ്നങ്ങളെ തല്ലി കെടുത്തുന്നത്. അവര്‍ ശുദ്ധരെങ്കിലും സ്വന്തം മകളോട് നീതിപുലര്‍ത്താന്‍ അവര്‍ക്ക് സാധിക്കാത്തത് നമ്മുടെ സമൂഹത്തില്‍ കട്ടപിടിച്ചു നില്‍ക്കുന്ന ഒരു പൊതുബോധം കാരണമാണ്. ഓരോ മലയാളിയും ജീവിക്കുന്നതും അധ്വാനിക്കുന്നതും ഏതാണ്ട് രണ്ട് കാര്യങ്ങള്‍ക്കായാണ്.

ഒന്ന്, വീടുവെക്കാന്‍, രണ്ട്, മകളെ കെട്ടിച്ചയക്കാന്‍… ആദ്യത്തെ കടത്തില്‍ നിന്ന് രണ്ടാമത്തെ കടത്തിലേയ്ക്ക്. രണ്ട് ഉത്തരവാദിത്വവും ചെയ്ത് കഴിയുമ്പോള്‍ പ്രാരാബ്ധങ്ങള്‍ ഒഴിയും. പിന്നെ കടം വീട്ടലാണ്. ഈ പ്രാരാബ്ധങ്ങള്‍ക്ക് ഇടയില്‍ വികസിക്കുന്നതും അവസാനിക്കുന്നതുമാണ് ഒരു ശരാശരി മലയാളിയുടെ ജീവിതം.

സ്ത്രീവിരുദ്ധമായ പൊതുബോധത്തിനെതിരെയാണ് ജയ ജയ ജയഹേ സംസാരിക്കുന്നത്. വിപിന്‍ദാസ് എന്ന സംവിധായകനില്‍ നിന്നും ഇനിയും മലയാളിക്കു ഒരുപാട് പ്രതീക്ഷിക്കാം. ഗൗരവമേറിയ യാഥാര്‍ഥ്യങ്ങളെ എത്ര ലളിതവും, നര്‍മബോധത്തോടെയുമാണ് അയാള്‍ കൈകാര്യം ചെയ്തത്.

മികച്ച സ്‌ക്രിപ്റ്റ്, അതിലേറെ നല്ല ആഖ്യാനം. ഇതൊരു നായക സിനിമയല്ല. നായികാ സിനിമയാണ്. ബേസില്‍ ജോസഫ് കഥാപാത്രത്തോട് അങ്ങേയറ്റം നീതിപുലര്‍ത്തി. ബേസില്‍ മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ട് തന്നെയാണ്. പ്രിയ സുഹൃത്ത് അസീസ് നെടുമങ്ങാടിന്റെ കരിയറിലെ മികച്ച പെര്‍ഫോമന്‍സായിരുന്നു അനിയണ്ണന്‍.

രണ്ട് സീനുകളില്‍ മാത്രം വന്നുപോകുന്ന പ്രിയപ്പെട്ട നോബി പ്രേക്ഷക മനസ്സില്‍ തന്റെ കഥാപാത്രത്തെ കൃത്യമായി അടയാളപ്പെടുത്തി. എല്ലാവരും ഗംഭീരമായി. നല്ല കഥ,നല്ല കഥാപാത്രങ്ങള്‍, മികച്ച മേക്കിങ്. ജയ ജയ ജയഹേ നല്ല സ്ത്രീപക്ഷ-രാഷ്ട്രീയ സിനിമയാണ്,” റഹീം പറഞ്ഞു.

content highlight: m.p. a.a . rahim appreciate jaya jaya jaya jaya he movie team

We use cookies to give you the best possible experience. Learn more