നോട്ടുനിരോധനമെന്ന ബോംബിട്ട് മോദി ഇന്ത്യയെ ഹിരോഷിമയും നാഗസാക്കിയുമാക്കി: രൂക്ഷവിമര്‍ശനവുമായി ശിവസേന
Daily News
നോട്ടുനിരോധനമെന്ന ബോംബിട്ട് മോദി ഇന്ത്യയെ ഹിരോഷിമയും നാഗസാക്കിയുമാക്കി: രൂക്ഷവിമര്‍ശനവുമായി ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th January 2017, 11:19 am

sena

 

ന്യൂദല്‍ഹി: നോട്ടുനിരോധനമെന്ന ബോംബിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ ഹിരോഷിമയും നാഗസാക്കിയുമാക്കിയെന്ന് ശിവസേന. മുഖപത്രമായ സാംമ്‌നയിലെ എഡിറ്റോറിയലിലൂടെയാണ് കേന്ദ്രത്തില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേന പ്രധാനമന്ത്രിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.

മോദി ഏകപക്ഷീയമായി ഇത്തരമൊരു തീരുമാനമെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച ശിവസേന ആരുടെയും പരാതി കേള്‍ക്കാനുള്ള “അവസ്ഥയിലല്ല” നരേന്ദ്രമോദിയെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഉപദേശം പോലും അദ്ദേഹം മുഖവിലക്കെടുക്കുന്നില്ലെന്നും ശിവസേന കുറ്റപ്പെടുത്തി.


Must Read:സ്മൃതി ഇറാനിയുടെ പരീക്ഷാഫലം വെളിപ്പെടുത്താന്‍ സി.ബി.എസ്.ഇക്ക് നിര്‍ദേശം: ഉത്തരവിട്ടത് മോദിക്കെതിരായ ഉത്തരവിന്റെ പേരില്‍ പുറത്താക്കപ്പെട്ട വിവരാവകാശ കമ്മീഷണര്‍


കേള്‍വിയും മിണ്ടാട്ടവും നഷ്ടപ്പെട്ട തത്തകളാണ് മോദിയുടെ മന്ത്രിസഭയിലുള്ളതെന്നും അക്കൂട്ടത്തിലേക്ക് റിസര്‍വ് ബാങ്ക് ഗവര്‍ണറെക്കൂടി ചേര്‍ത്തിരിക്കുകയാണെന്നും ശിവസേന കുറ്റപ്പെടുത്തുന്നു.

“മന്ത്രിസഭാ യോഗത്തിലിരിക്കാന്‍ തെരഞ്ഞെടുത്ത കാതും നാവും നഷ്ടപ്പെട്ട തത്തകളെയും ആര്‍.ബി.ഐ ഗവര്‍ണറെയും ഉപയോഗിച്ച് മോദി രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തിരിക്കുകയാണ്.” എഡിറ്റോറിയലില്‍ പറയുന്നു.

നിരോധിക്കപ്പെട്ട കറന്‍സികള്‍ സ്വീകരിക്കാന്‍ ജില്ലാ കോര്‍പ്പറേറ്റീവ് ബാങ്കുകള്‍ക്ക് അനുമതി നല്‍കാത്ത മോദി സര്‍ക്കാര്‍ നടപടിയെയും സേന വിമര്‍ശിച്ചു. ഈ നടപടി കാരണം ബുദ്ധിമുട്ടിയത് രാജ്യത്തെ സാധാരണക്കാരായ കര്‍ഷകരാണെന്നും സേന വ്യക്തമാക്കി.

നോട്ടുനിരോധനം പ്രഖ്യാപിച്ചതു മുതല്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന ശക്തമായി രംഗത്തുവന്നിരുന്നു.