ന്യൂദല്‍ഹി: സി.ബി.ഐയുടെ താത്കാലിക മേധാവിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ച നാഗേശ്വര റാവു കടുത്ത ഹിന്ദുത്വവാദിയും ആര്‍.എസ്.എസ്. ബന്ധവുമുള്ള ആളാണെന്ന് എക്കണോമിക് ടൈംസ്. ക്ഷേത്രങ്ങളുടെ മേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണം ഒഴിവാക്കി ഹിന്ദുത്വ സംഘടനകളെ ഏല്‍പിക്കുന്നതിന്റെ മുഖ്യ പ്രചാരകന്‍ കൂടിയാണ് റാവു.
ആര്‍.എസ്.എസുമായി ബന്ധമുള്ള ഇന്ത്യ ഫൗണ്ടേഷന്‍, വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ എന്നീ സ്ഥാപനങ്ങളുമായും നിയുക്ത മേധാവിയ്ക്ക് ബന്ധമുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ പൊതുവേദിയില്‍ വര്‍ഗീയവിദ്വേഷ പരാമര്‍ശം നടത്തിയതിന് 1998ല്‍ സ്ഥലം മാറ്റിയ ആളാണ് റാവുവെന്ന് സി.പി.ഐ.എം. ഒഡീഷ സംസ്ഥാന സെക്രട്ടറി അലി കിഷോര്‍ പട്നായിക് പറയുന്നു.
1998 ഡിസംബര്‍ 10നാണ് ഒഡീഷയിലെ ബെഹ്റാംപൂരിലെ പൊതുചടങ്ങില്‍ റാവു വിദ്വേഷപരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതോടെ ഡി.ഐ.ഡിയും റവന്യൂ ഡിവിഷണല്‍ കമ്മീഷണറും അന്വേഷണം നടത്തി. പിന്നീട് ബെഹാറാംപൂര്‍ വികസന അതോറിറ്റി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി അലി കിഷോര്‍ ചൂണ്ടിക്കാണിക്കുന്നു.
മനുഷ്യവകാശങ്ങള്‍ക്ക് വെല്ലുവിളിയാകുന്നത് മുസ്ലിങ്ങളും ക്രിസ്ത്യാനികളും മാര്‍ക്സിസ്റ്റുമാണെന്നാണ് 1998ലെ പ്രസംഗത്തില്‍ റാവു പറഞ്ഞത്. ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം എടുത്ത് കളയണമെന്ന നയമാണ് റാവുവിനുള്ളത്. ആര്‍.എസ്.എസ്. പ്രചാരകായി രംഗത്തെത്തി ഇപ്പോള്‍ ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന രാം നാധവായും നിയുക്ത മേധാവിക്ക് അടുത്ത ബന്ധമുണ്ട്.
ഇതിനെല്ലാം പുറമെ ബീഫ് നിരോധന വിഷയത്തില്‍ തീവ്ര നിലപാടാണ് ഇദ്ദേഹത്തിനുള്ളത്. മാത്രമല്ല ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ഉം 35എയും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഒഡീഷയിലെ മയൂര്‍ഭഞ്ജ് എസ്.പിയായിരിക്കെ സഹപ്രവര്‍ത്തകന്റെ ബന്ധുവിനെ കള്ളക്കേസില്‍ കുടുക്കിയിരുന്നു. ഈ വിഷയത്തില്‍ കോടതി താക്കീതും ചെയ്തിട്ടുണ്ട്.
ഹൈദരാബാദിലെ ഉസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ റാവു ചെന്നൈ ഐ.ഐ.ടിയില്‍ ഗവേഷണം പൂര്‍ത്തിയാക്കി. 2016ലാണ് സി.ബി.ഐ.യുടെ ഭാഗമാകുന്നത്. തീവ്ര ഹിന്ദുത്വ നിലപാടുള്ള നാഗേശ്വര റാവു ഇടത് ചരിത്ര പഠനങ്ങളേയും ഹിന്ദുത്വ വിരുദ്ധ ചരിത്രത്തേയും നിശിതമായി വിമര്‍ശിക്കുന്നുണ്ട്.
അഴിമതി ആരോപണത്തെ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് നാഗേശ്വര റാവുവിന്റെ താല്‍ക്കാലിക നിയമനം.