തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമസ്ഥന്‍ ബി.ജെ.പി എം.പിയാണെന്ന് കരുതി അതിലെ മാധ്യമപ്രവര്ത്തകര്‍ക്ക് അതേ അഭിപ്രായമാണ് ഉണ്ടാകുകയെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ എം.എന്‍. കാരശ്ശേരി. എഷ്യാനെറ്റിനെ ബി.ജെ.പി ചാനലായി മുദ്രകുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റിലെ റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെയുള്ള കേസുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസില്‍ സംഘടിപ്പിച്ച ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു എം.എന്‍. കാരശ്ശേരിയുടെ പ്രതികരണം. കേരളത്തിലെ മറ്റ് സി.പി.ഐ.എം മുഖ്യമന്ത്രിമാരെക്കാള്‍ കൂടുതല്‍ മാധ്യമ വിമര്‍ശനം നടത്തുന്നത് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു.
‘സി.പി.ഐ.എമ്മിന്റെ മുഖ്യമന്ത്രിമാര്‍ കേരളത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഇ.കെ. നായനാര്‍ മൂന്ന് നാല് തവണ മുഖ്യമന്ത്രി ആയിരുന്നു. വി.എസ്. അച്യുതാന്ദന്‍ ഒരു തവണ മുഖ്യമന്ത്രിയായ ആളാണ്. അവര്‍ക്കാര്‍ക്കും മാധ്യമങ്ങളെ പറ്റി ഇല്ലാത്ത നിരന്തര പരാതികളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്.
അമേരിക്കയില്‍ അദ്ദേഹം സംസാരിക്കുമ്പോഴും ഇവിടുത്തെ മാധ്യമങ്ങളെ കുറ്റം പറയുകയാണ്.
ഏഷ്യാനെറ്റിലെ അഖിലക്കെതിരെ പൊലീസ് കേസ് മാത്രമേ എടുത്തിട്ടുള്ളു. ഇതേ ചാനലിലെ വാര്‍ത്താ അവതാരകന്‍ വിനു വി. ജോണിനെതിരെ എന്തൊക്കെ ചെയ്തുവെന്നത് കണ്ടതാണ്. വിനു വി. ജോണ്‍ ഒരു മാധ്യമഭീകരനാണെന്ന് പറയുന്നു. ഏഷ്യാനെറ്റിന്റെ ഉടമ രാജീവ് ചന്ദ്രശേഖരന്‍ ബി.ജെ.പി എം.പിയാണ്. അതുകൊണ്ട് അവിടുത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം അതേ നിലപാടാണ് എന്നതാണ് ഇവരുടെ ന്യായം. അതുകൊണ്ട് ഏഷ്യാനെറ്റിനെ ഒരു ബി.ജെ.പി ചാനലായി മുദ്രകുത്തുന്നു.
വിദ്യയുടെ കേസില്‍, അവര്‍ എവിടെയാണെന്ന് പോലും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അവരെപ്പറ്റി പരാതി ഉയര്‍ന്നിട്ട് ആറ് ദിവസമായി. കേരളാ പൊലീസ് ഇന്ത്യയിലെ തന്നെ മികച്ച സേനയാണ്.
കോഴിക്കോട് നഗരത്തില്‍ ഹോട്ടല്‍ ഉടമസ്ഥനെ കൊന്ന കേസ്, നരബലി കേസ് എന്നിവയൊക്കെ വേഗത്തിലുള്ള നടപടിക്ക് ഉദാഹരണമാണ്. എന്റെ കണക്കിന് ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനത്തെ പൊലീസ് സേനയേക്കാളും മികച്ചതാണ്. പക്ഷേ രാഷ്ട്രീയക്കാര്‍ ഇടപെടമ്പോള്‍ ബബ്ബബ ബബ്ബബ എന്നാകും,’ എം.എന്‍. കാരശ്ശേരി പറഞ്ഞു.
Content Highlight: M. N. Karassery says Attempts are being made to make Asianet a BJP channel by saying that it is owned by a BJP MP