കോഴിക്കോട്: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ക്യാംപസിന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എം.എസ് ഗോള്‍വാക്കറിന്റെ പേര് നല്‍കുന്നത് ഹിന്ദുത്വ രാഷ്ട്രവാദത്തിന് സാമൂഹ്യ അംഗീകാരം നേടികൊടുക്കാനുള്ള ശ്രമമാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകനായ എം.എന്‍ കാരശ്ശേരി. വിഷയത്തില്‍ ഡൂള്‍ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് എം.എന്‍ കാരശ്ശേരി കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്.
‘കേരളത്തിലെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് ഗോള്‍വാള്‍ക്കറുടെ പേരിടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതായി മാധ്യമങ്ങളില്‍ നിന്നും മനസ്സിലായി. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ നിലപാടാണിത്.
ആര്‍.എസ്.എസിന്റെ ആദ്യ കാല സൈദ്ധാന്തികന്മാരിലൊരാള്‍ എന്നതിനപ്പുറം നമ്മുടെ രാഷ്ട്രത്തിന് ഒരുതരത്തിലുമുള്ള കടപ്പാടോ ആദരവോ ഉള്ള ആളല്ല, ഗോള്‍വാള്‍ക്കര്‍. അദ്ദേഹം ഹിന്ദുത്വ എന്നുള്ള രാഷ്ട്രീയ പ്രത്യയ ശാസ്ത്രം നിര്‍മ്മിക്കുന്നതിനായി അധ്വാനിക്കുകയും പുസ്തകങ്ങള്‍ എഴുതുകയും ചെയ്ത ആളാണ്.
ആ നിര്‍വചനങ്ങളും പുസ്തകങ്ങളുമൊക്കെ ഇന്ത്യയിലെ മതേതര ജനാധിപത്യം നശിപ്പിക്കുവാനും മതേതര ഇന്ത്യ ഹിന്ദു രാഷ്ട്രമായി വഴി തെറ്റാനും ഇടയാക്കുന്നവയാണ്.
അദ്ദേഹത്തിന്റെ ചിന്തയെയോ പ്രവര്‍ത്തികളെയോ ബഹുമാനിക്കാത്ത അനേകം ലക്ഷം ആളുകള്‍ ഇവിടെയുണ്ട്. ഗോള്‍വാള്‍ക്കറുടെ ഹിന്ദുരാഷ്ട്രവാദത്തിനും ഹിന്ദുത്വ എന്ന പ്രത്യയ ശാസ്ത്രത്തിനും സാമൂഹ്യമായ അംഗീകാരം നേടിക്കൊടുക്കുക എന്ന ദുരുദ്ദേശമാണ് ഈ പേരിടല്‍ തീരുമാനത്തിന് പിന്നിലുള്ളത്.’ കാരശ്ശേരി പറഞ്ഞു.
മതേതര ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരെല്ലാം വിഷയത്തില്‍ പ്രതിഷേധിക്കേണ്ടതാണെന്നും അങ്ങനെ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെ കൊണ്ട് ഈ തീരുമാനം പിന്‍വലിപ്പിക്കണമെന്നും കാരശ്ശേരി കൂട്ടിച്ചേര്‍ത്തു.
ക്യാംപസിന് ഗോള്‍വാള്‍ക്കറുടെ പേരിടുമെന്ന് കഴിഞ്ഞ ദിവസമാണ് ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചത്. ‘ഈ ഗവേഷണ കേന്ദ്രത്തിന് ഗുരുജി മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്സ് ഡിസീസ് ഇന്‍ കാന്‍സര്‍, വൈറല്‍ ഇന്‍ഫെക്ഷന്‍” എന്ന് പേരിടുന്നതില്‍ സന്തോഷമുണ്ട്’, ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ രംഗത്തെത്തി.