|

വി.എസിന്റെയും പിണറായിയുടെയും ഗുണം ഒത്തുചേര്‍ന്ന നേതാവുവേണം സി.പി.ഐ.എമ്മിന്: എം.മുകുന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

mukunthan വടകര: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെയും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെയും ഗുണങ്ങള്‍ ഒത്തുചേര്‍ന്ന നേതാവ് സി.പി.ഐ.എമ്മില്‍ വളര്‍ന്നുവരണമെന്ന് സാഹിത്യകാരന്‍ എം.മുകുന്ദന്‍. വി.എസ് ജനപക്ഷ രാഷ്ട്രീയത്തിന്റെ വക്താവാണ്. പിണറായി പ്രായോഗിക രാഷ്ട്രീയത്തിന്റെയും. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഈ രണ്ടു ഗുണങ്ങളും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുകുന്ദന്റെ രചനാലോകത്തെ ആസ്പദമാക്കി മടപ്പള്ളി ഗവ.കോളജില്‍ നടത്തിയ “ദേശം, എഴുത്ത്, കല… എം. മുകുന്ദന്റെ രചനാലോകം” എന്ന സെമിനാറിന്റെ ഭാഗമായി സദസ്സിന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായാണ് മുകുന്ദന്‍ ഇങ്ങനെ പറഞ്ഞത്.

ജനപക്ഷത്തിനു വോട്ടുകിട്ടും. എന്നാല്‍ സമൂഹത്തിന്റെയും പാര്‍ട്ടിയുടെയും വളര്‍ച്ചയ്ക്ക് പ്രായോഗിക രാഷ്ട്രീയമാണു വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താങ്കള്‍ ഇപ്പോഴും ഇടതുപക്ഷക്കാരനാണോയെന്ന ചോദ്യത്തിന് “ഞാന്‍ മാറിയിട്ടില്ല, ഇടതുപക്ഷമാണ് നിലപാടുകലും വഴിയും മാറിയത്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇടതുപക്ഷത്തില്‍ അല്പം ഹിംസയുണ്ട്. അതു തിരുത്തണം. ഫാസിസത്തിനെതിരായ പോരാട്ടം നടത്തുന്നത് ഇടതുപക്ഷം മാത്രമാണെന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

ഇടതുപക്ഷവും ഫാസിസം കാണിക്കുന്നില്ലേയെന്നു ചോദിച്ചപ്പോള്‍ ഫാസിസത്തിനെതിരായ പോരാട്ടം എന്ന വാക്കുകളെ ചെറിയ ഫാസിസ്റ്റുകള്‍ വലിയ ഫാസിസ്റ്റുകള്‍ക്കെതിരായ നടത്തുന്ന പോരാട്ടം എന്നു വിശദീകരിക്കുകയാണുണ്ടായത്.

“പ്രാദേശിക സ്വത്വം മുകുന്ദന്റെ കൃതികളില്‍” എന്ന വിഷയത്തില്‍ വി.ആര്‍ സുധീഷും ” ചിരിക്കുന്ന മുകുന്ദനും ചിരിക്കാത്ത മുകുന്ദനും” എന്ന വിഷയത്തില്‍ പ്രദീപന്‍ പാമ്പിരിക്കുന്നും പ്രബന്ധം അവതരിപ്പിച്ചു. കല്‍പ്പറ്റ നാരായണന്‍, രാജേന്ദ്രന്‍ എടത്തുംകര, വി.ടി മുരളി,വീരാന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.