കണ്ണൂരില്‍ എത്ര കുഞ്ഞുങ്ങള്‍ക്ക് അച്ഛനില്ലാതായി? നരഹത്യകള്‍ തടയേണ്ട ഉത്തരവാദിത്തവും സര്‍ക്കാറിനാണ്: രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ മുകുന്ദന്‍
Daily News
കണ്ണൂരില്‍ എത്ര കുഞ്ഞുങ്ങള്‍ക്ക് അച്ഛനില്ലാതായി? നരഹത്യകള്‍ തടയേണ്ട ഉത്തരവാദിത്തവും സര്‍ക്കാറിനാണ്: രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ മുകുന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th September 2016, 9:22 am

കൊലപാതകങ്ങളുടെ തലസ്ഥാന നഗരമായാണ് കണ്ണൂരിലെ ഇന്ന് എല്ലാവരും കാണുന്നത്. 1980ല്‍ തുടങ്ങി 190ഓളം മനുഷ്യര്‍, യുവാക്കള്‍ ഇവിടെ കൊല്ലപ്പെട്ടു. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ മാത്രം 45ഓളം പേര്‍ കൊലചെയ്യപ്പെട്ടെന്നും മുകുന്ദന്‍ പറയുന്നു.

കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ എഴുത്തുകാരന്‍ എം. മുകുന്ദന്‍. രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടുരുന്നത് അവസാനിപ്പിക്കാന്‍ ആരെങ്കിലും ഒരാള്‍ തോറ്റുകൊടുക്കണമെന്നും മുകുന്ദന്‍ ആവശ്യപ്പെടുന്നു.

കണ്ണൂരിലേതു കണ്ണീരോണമാകരുതെന്നും നരഹത്യകള്‍ തടയാന്‍ സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും മുകുന്ദന്‍ പറയുന്നു. മലയാള മനോരമയിലെ “കണ്ണൂരിന്റെ കണ്ണീരൊപ്പണം” എന്ന തലക്കെട്ടിലുള്ള ലേഖനത്തിലൂടെയാണ് മുകുന്ദന്‍ തന്റെ അഭിപ്രായം വ്യക്തമാക്കുന്നത്.

കൊലപാതകങ്ങളുടെ തലസ്ഥാന നഗരമായാണ് കണ്ണൂരിലെ ഇന്ന് എല്ലാവരും കാണുന്നത്. 1980ല്‍ തുടങ്ങി 190ഓളം മനുഷ്യര്‍, യുവാക്കള്‍ ഇവിടെ കൊല്ലപ്പെട്ടു. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ മാത്രം 45ഓളം പേര്‍ കൊലചെയ്യപ്പെട്ടെന്നും മുകുന്ദന്‍ പറയുന്നു.

“ഒരു കൊലപാതകത്തില്‍ നിന്നും മറ്റൊരു കൊലപാതകമുണ്ടാകുന്നു. നമ്മുടെ എത്ര സഹോദരിമാര്‍ യൗവനത്തില്‍ വിധവകളായി? എത്ര കുഞ്ഞുങ്ങള്‍ക്ക് അച്ഛനില്ലാതായി? രാഷ്ട്രീയം എന്നതൊരു ആസക്തിയായി മാറിയതാണ് കണ്ണൂരിന്റെ ശാപം” മുകുന്ദന്‍ പറയുന്നു.

“ആരെങ്കിലും ഒരാള്‍ തോറ്റുകൊടുക്കണം. അതാണ് അവശേഷിക്കുന്ന പരിഹാരം. “”ഒരു കൊലപാതകം ഉണ്ടാകുമ്പോള്‍ തിരിച്ചൊരാളെ അറുംകൊല ചെയ്യാന്‍ ഞങ്ങള്‍ക്കു പ്രയാസമില്ല. പക്ഷേ ഞങ്ങളതു ചെയ്യുന്നില്ല. ഇനിയും വിധവകളെ സൃഷ്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.”” എന്ന് ഏതെങ്കിലും ഒരു വിഭാഗം പറയണം. അവര്‍ക്കതിനുള്ള ആര്‍ജ്ജവമുണ്ടാകണം.” മുകുന്ദന്‍ പറയുന്നു.

അതൊരിക്കലും തോല്‍വിയായിരിക്കില്ലെന്നും അങ്ങനെ തോറ്റുകൊടുക്കുന്നവരായിരിക്കും യഥാര്‍ത്ഥ വിജയികളെന്നും മുകുന്ദന്‍ അഭിപ്രായപ്പെടുന്നു.

ജനങ്ങള്‍ക്കുവേണ്ടി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നതുപോലെ തന്നെ നരഹത്യകള്‍ തടയുന്നതിലും സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്.