| Friday, 13th July 2012, 10:35 am

916ല്‍ താരമാകാന്‍ എം. മുകുന്ദനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മയ്യഴിയുടെ കഥാകാരന്‍ എം. മുകുന്ദന്‍ വെള്ളിത്തിരയിലേക്ക്. എം. മോഹനന്‍ സംവിധാനം ചെയ്യുന്ന 916 എന്ന ചിത്രത്തിലൂടെയാണ് എം. മുകുന്ദന്‍ സിനിമയിലെത്തുന്നത്.

എം.മുകുന്ദനായി തന്നെയാണ് അദ്ദേഹം എത്തുന്നത്. ചിത്രത്തില്‍ ഈ കഥാപാത്രം  ചെയ്യാന്‍ മുകുന്ദന്‍ തന്നെ വേണമെന്ന സംവിധായകന്റെ സ്‌നേഹനിര്‍ബന്ധങ്ങള്‍ക്ക് അദ്ദേഹം വഴങ്ങുകയായിരുന്നു.  മുകുന്ദന്‍ ഉള്‍പ്പെടുന്ന രംഗങ്ങള്‍ കോഴിക്കോട്ട് ചിത്രീകരിച്ചു. എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയും ചിത്രത്തിലുണ്ട്.

കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് 916. ഒരിടവേളയ്ക്കുശേഷം മീരാവാസുദേവ് സിനിമയിലേക്ക് വരുന്നു എന്ന പ്രത്യേകത കൂടിയുണ്ടിതിന്. അനൂപ് മേനോനും ആസിഫലിയുമായാണ് 916ലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖം മാളവികാ മേനോനും പാര്‍വണയുമാണ് നായികമാര്‍. മുകേഷ്, തിലകന്‍, നന്ദു, എന്നിവരും ശക്തമായ കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്.

ഐശ്വര്യ സ്‌നേഹാ മൂവീസിനുവേണ്ടി വിജയകുമാര്‍ പാലക്കുന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റഫീഖ് അഹമ്മദ്, അനില്‍ പനച്ചൂരാന്‍, രാജീവ് നായര്‍ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് ഈണം നല്‍കുന്നത്. ഫൈസല്‍ അലിയാണ് ക്യാമറ.

We use cookies to give you the best possible experience. Learn more