| Friday, 10th February 2017, 9:45 am

എഴുത്തുകാര്‍ നാവ് ഇന്‍ഷൂര്‍ ചെയ്യണം: നാവില്ലാത്ത ജനതയായി നമ്മള്‍ മാറരുതെന്നും എം. മുകുന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: കേരളത്തിലെ എഴുത്തുകാര്‍ നാവ് ഇന്‍ഷുര്‍ ചെയ്യണമെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍.

ജനങ്ങളുടെ കൂടെ നിന്ന് ലോകത്തോട് സംസാരിക്കുന്നയാളാണ് എഴുത്തുകാരന്‍. സംസാരിക്കാന്‍ ഭാഷവേണം. നാവ് വേണം. ആരെയും നിശബ്ദരാക്കണമെങ്കില്‍ എളുപ്പവഴി നാവ് വെട്ടുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാര്‍ നാവ് ഇന്‍ഷുര്‍ ചെയ്യേണ്ട സമയമായി. ഭരണകൂടം പ്രതിരോധത്തിന്റെ നാവരിയാന്‍ ശ്രമിക്കുന്നത് കൊണ്ടാണ് ഇത് പറയുന്നത്. നാവ് പ്രതിരോധമാണ്. അതില്ലാത്ത ജനത ഉണ്ടാകരുത്.

എന്റെ പ്രായത്തില്‍ ഇന്‍ഷുറന്‍സ് സാധ്യമാണോ എന്നറയിില്ല. 70 കഴിഞ്ഞ ഒരാളാണ്. പക്ഷേ ഒരുപാട് ചെറുപ്പക്കാര്‍ ഇവിടെയുണ്ട്. അവരാണ് ഇനി ജനങ്ങളോട് സംസാരിക്കേണ്ടത്. അവര്‍ ചെയ്യേണ്ടത് നാവ് സൂക്ഷിക്കുക എന്നുള്ളതാണ്.

നാവില്ലാത്ത ജനതയായി നമ്മള്‍ മാറരുത്. നമ്മള്‍ ചെയ്യേണ്ടത് പ്രതിരോധനത്തിന്റെ മഹാസഖ്യം ഉണ്ടാക്കുക എന്നതാണ്. ഒരുപാട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അവയെല്ലാം പല ഭാഗത്ത് ചിതറിയ രീതിയിലാണെന്നും എം മുകുന്ദന്‍ പറഞ്ഞു.

നൊബേല്‍ ജേതാവായ ജെ.എം കൂറ്റ്സെയുടെ ഒരു കഥയില്‍ ഫ്രൈഡെ എന്ന അടിമയുടെ നാവ് ഉടമ അരിഞ്ഞുകളയുന്നുണ്ട്. എഴുതാനും സംസാരിക്കാനും അറിയാത്ത ഫ്രൈഡെയ്ക്ക് സംവാദിക്കാനുള്ള ഏകമാര്‍ഗം സംസാരമായിരുന്നു. അതുകൊണ്ടുതന്നെ ഉടമ അത് അരിഞ്ഞെടുത്തു. ഈ അടിമയ്ക്ക് സംഭവിച്ച കാര്യം ഒരുപക്ഷെ നാളെ നമ്മുടെ എഴുത്തുകാര്‍ക്കും സംഭവിച്ചേക്കാം.

അമേരിക്കന്‍ ഭരണകൂടത്തെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്ന നോംചോസ്‌കിയും മൈക്കിള്‍ മൂറും അവിടെ നിര്‍ഭയം ജീവിക്കുമ്പോള്‍ ഇവിടെ കല്‍ബുര്‍ഗിയും പന്‍സാരെയും വധിക്കപ്പെടുന്നെന്നും മുകുന്ദന്‍ പറഞ്ഞു.

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ “ജനസംസ്‌കൃതി” ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുകുന്ദന്‍.

We use cookies to give you the best possible experience. Learn more