| Tuesday, 2nd October 2018, 11:11 pm

ഭാര്യയുടേയും മകളുടേയും കൈപിടിച്ച് ശബരിമലയില്‍ പോകും: എം.മുകുന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് സാഹിത്യകാരന്‍ എം.മുകുന്ദന്‍. താന്‍ എന്നെങ്കിലും ശബരിമലയില്‍ പോവുകയാണെങ്കില്‍ അത് മകളുടെയും ഭാര്യയുടെയും കൈപിടിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

“വളരെ വിപ്ലവകരമായ വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. എന്നെങ്കിലും ശബരിമലയില്‍ പോവുകയാണെങ്കില്‍ അത് മകളുടെയും ഭാര്യയുടെയും കൈപിടിച്ചായിരിക്കുമെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ പറഞ്ഞു. ഇതിനുള്ള അവസരമാണ് സുപ്രീം കോടതി വിധിയിലൂടെ കൈവന്നിരിക്കുന്നത്.”

ALSO READ: “പ്രധാനമന്ത്രി ചെയ്തതേ താനും ചെയ്‌തൊള്ളൂ”; ഫേസ്ബുക്ക് പേജ് വിവാദത്തില്‍ വിശദീകരണവുമായി രാഹുല്‍ ഈശ്വര്‍

സ്ത്രീകളെ ഇഷ്ടപ്പെടാത്ത ഏതെങ്കിലും ദൈവമുണ്ടോ.? ശ്രീകൃഷ്ണ ഭഗവാന്‍ എത്ര ഗോപികമാരോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ശിവന്റെ ശക്തി മുഴുവന്‍ പാര്‍വതിയാണെന്നാണു പറയുന്നത്. നമ്മുടെ നാട്ടിലെ എത്രയോ ക്ഷേത്രങ്ങളിലെ ആരാധനാമൂര്‍ത്തികള്‍ സ്ത്രീയല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

എന്തിനാണ് സ്ത്രീകളെ ശബരിമലയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത്. ആരാണ് ഇങ്ങനെയൊരു ആചാരമുണ്ടാക്കിയത്. ശബരിമല സ്വാമി സ്ത്രീകളെ ഇങ്ങോട്ടു കയറ്റരുതെന്ന് ഒരിക്കലും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പണ്ടുകാലത്ത് വന്യമൃഗങ്ങളുടെ ശല്യമുണ്ടായിരുന്ന ശബരിമലയില്‍ പോയി തിരിച്ച് വരുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അങ്ങനെയായിരിക്കാം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നത്. എന്നാല്‍ സ്ത്രീകളെ പാര്‍ശ്വവത്കരിക്കുന്ന കാലം കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more