എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ മഹാവീര്യര്‍ കഴിഞ്ഞ ജൂലൈ 21നാണ് റിലീസ് ചെയ്തത്. ഭൂതകാലവും വര്‍ത്തമാനകാലവും ഒരുമിച്ച ദൃശ്യഭാഷയിലേക്കെത്തുന്ന ചിത്രം പുത്തന്‍കാഴ്ചാനുഭവം ആയിരുന്നു പ്രേക്ഷകര്‍ക്ക് നല്‍കിയത്. എം. മുകുന്ദന്റെ കഥയ്ക്ക് എബ്രിഡ് ഷൈന്‍ തന്നെയാണ് തിരക്കഥ എഴുതിയത്.
മഹാവീര്യര്‍ എന്ന കഥയ്ക്കും അതിലെ രാജാവിനും ഇന്നും പ്രസക്തിയുണ്ടെന്നും പറയുകയാണ് എം. മുകുന്ദന്‍. സിനിമ കണ്ടപ്പോള്‍ അത്ഭുതവും സന്തോഷവും തോന്നിയെന്നും ഞാന്‍ എഴുതിയ ഒരു കഥയില്‍ നിന്ന് ഇങ്ങനെയൊരു ദൃശ്യരൂപം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിട്ടില്ലെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മുകുന്ദന്‍ പറഞ്ഞു.
‘ചില കഥകള്‍ക്ക് എന്നും പ്രസക്തിയുണ്ട്. മഹാവീര്യര്‍ എന്ന കഥാനായകന്‍ അഥവാ രാജാവ് എന്നതിന് ഇന്നും പ്രസക്തിയുണ്ട്. രാജാവിന്റെ സ്വഭാവം, പെരുമാറ്റം, ആഗ്രഹങ്ങള്‍, സ്വപ്നങ്ങള്‍ എന്നിവയൊക്കെ ഏതുകാലത്തും ജനങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ട്. കാരണം രാജഭരണത്തിന് സമാനമായിട്ടുള്ള രീതിയിലേക്കാണ് നമ്മുടെ നാടും നീങ്ങുന്നത്. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ഒരു രാജാവിന് ഇക്കാലത്തും പ്രസക്തിയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. രാജാവിന്റെ ഫാന്റസിയാണ് കഥയില്‍ ഞാന്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്,’ മുകുന്ദന്‍ പറഞ്ഞു.
‘സിനിമ കണ്ടപ്പോള്‍ അത്ഭുതവും സന്തോഷവും തോന്നി. ഞാന്‍ എഴുതിയ ഒരു കഥയില്‍നിന്ന് ഇങ്ങനെയൊരു ദൃശ്യരൂപം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. ഇത് ദൃശ്യഭംഗി നിറഞ്ഞൊരു സിനിമയാണ്. വാക്കുകള്‍ക്കതീതമായ ദൃശ്യഭംഗിയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. മഹാരാജാവ്, നീതി, കോടതിവ്യവഹാരം ഇതൊക്കെ ഈ ചിത്രത്തിലെ പ്രധാനഘടകങ്ങളാണ്. രണ്ട് കാലഘട്ടം സിനിമയില്‍ ചിത്രീകരിക്കുന്നുണ്ട്. രാജാവിന്റെ കാലവും ജനാധിപത്യകാലവും. ഇതൊക്കെ എബ്രിഡിന് സിനിമയില്‍ ആവിഷ്‌കരിക്കാന്‍ സാധിക്കുമോയെന്ന് ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട്.
എനിക്ക് സംവിധായകന്‍ എന്ന നിലയില്‍ എബ്രിഡ് ഷൈനില്‍ വിശ്വാസമുണ്ട്. സിനിമയെ സീരിയസായി നോക്കിക്കാണുന്ന വ്യക്തിയാണ് അദ്ദേഹം. ആറുവര്‍ഷത്തിന്റെ ഇടവേളയൊക്കെയെടുത്ത് ചിത്രം എടുക്കുന്നയാളാണ് അദ്ദേഹം. എബ്രിഡിന്റെ കാഴ്ചപ്പാടും കമ്മിറ്റ്‌മെന്റും എനിക്ക് ബോധ്യപ്പെട്ടു. അങ്ങനെ പൂര്‍ണമായും സഹകരിക്കുകയായിരുന്നു. മഹാവീര്യര്‍ കണ്ടപ്പോള്‍ നേരത്തേ ഈ രംഗത്തേക്ക് ഇറങ്ങേണ്ടിയിരിന്നുവെന്ന് തോന്നി. ഇപ്പോള്‍ വയസ്സായി. 79 വയസില്‍ സിനിമയിലേക്കെത്തിയ നവാഗതനാണ് ഞാന്‍,’ മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ലാല്‍, ലാലു അലക്‌സ്, സിദ്ദിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണപ്രസാദ്, പദ്മരാജ് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണ നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രവുമാണ് മഹാവീര്യര്‍. രാജസ്ഥാനിലും കേരളത്തിലുമായാണ് മഹാവീര്യറുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
Content Highlight: M. Mukundan says The king of Mahaviryar is still relevant today, and our country is moving towards a system similar to that of kingship