കൊല്ലം: രാഷ്ട്രീയം പറയാന്‍ ഇപ്പോള്‍ തനിക്ക് ഭയമാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍. സി.പി.ഐ. എമ്മിലെ വിഭാഗീയതയ്ക്ക് ശേഷമാണ് ഈ ഭയമെന്നും കേരളത്തില്‍ എഴുത്തുകാരന് സ്വതന്ത്രമായി സംസാരിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ എം. മുകുന്ദന്‍ പറഞ്ഞു. []
ചെറുകക്ഷികള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് ഒരിക്കല്‍ വിശ്വസിച്ചിരുന്നു. ഇപ്പോള്‍ മറിച്ചാണു തോന്നുന്നത്. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകം കണ്ട് ഒരുപാടുപേര്‍ കമ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ആ നാടകം കണ്ടാല്‍ കമ്യൂണിസ്റ്റ് അല്ലാതാകാനാകും ശ്രമിക്കുക-മുകുന്ദന്‍ പറഞ്ഞു.
ഏറ്റവുംവലിയ ക്രൂരതപോലും ഒരു കാഴ്ചയായി നോക്കിക്കാണുന്ന അവസ്ഥയാണ് ഇന്ത്യയിലേതെന്നും മുകുന്ദന്‍ പറഞ്ഞു.
പണ്ടൊക്കെ താന്‍ അവധിക്കുവരുമ്പോള്‍ രാഷ്ട്രീയം സംസാരിക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ എന്തുപറഞ്ഞാലും വിവാദമാണ്. ഇന്ന് നമ്മുടെ നാട്ടില്‍ രാഷ്ട്രീയമുണ്ടോ എന്നുപോലും സംശയമാണ്. ഇപ്പോള്‍ ഇവിടെ ജാതിമതകുടുംബപാര്‍ട്ടികളാണുള്ളത്. പാര്‍ട്ടികള്‍ക്ക് ഇനിയിവിടെ ഒന്നും ചെയ്യാനില്ല-എം.മുകുന്ദന്‍ പറഞ്ഞു.
ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളല്ല ഉള്ളത്. ജാതി, കുടുംബം, മതം എന്നിവയില്‍ അധിഷ്ഠിതമായ പാര്‍ട്ടികളേ ഉള്ളൂ. അതിരുകള്‍ ഭേദിക്കുന്ന, കക്ഷികള്‍ക്കതീതമായ പുതിയ രാഷ്ട്രീയ സങ്കല്‍പം ഉരുത്തിരിഞ്ഞുവരണം. ജനാധിപത്യം എന്ന മഹാസൗഭാഗ്യത്തെ നാം ദുരുപയോഗം ചെയ്യുകയാണ്.
ജനാധിപത്യത്തെ സാര്‍ത്ഥകമായി സാക്ഷാത്കരിക്കാനുള്ള പക്വത നമുക്കില്ല. കൂട്ടുമന്ത്രിസഭ എന്നത് ആദ്യമൊക്കെ വലിയ കാര്യമായിരുന്നു. ഇപ്പോള്‍ അത് വിപരീതഫലം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. പാര്‍ട്ടികള്‍ എന്നുപോലും വിളിക്കാന്‍ കഴിയാത്ത ചെറിയവര്‍പോലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുഎം.മുകുന്ദന്‍ ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ക്ക് രാഷ്ട്രീയപ്പാര്‍ട്ടികളിലും സര്‍ക്കാരിലും വിശ്വാസം നഷ്ടപ്പെട്ടുപോകുന്ന ഒരു സ്ഥിതിവിശേഷം വൈകാതെ കേരളത്തില്‍ സംഭവിക്കും. അതായിരിക്കും ശരിയായ രാഷ്ട്രീയമെന്നും മുകുന്ദന്‍ പറഞ്ഞു. അത് ഡല്‍ഹിയിലെ യുവജനമുന്നേറ്റം പോലെയും അറബ് വസന്തം പോലെയും ജനങ്ങള്‍ ഏറ്റെടുക്കും.
താനുള്‍പ്പെടുന്ന എഴുത്തുകാരുടെ തലമുറ സ്ഥാപനവത്കരിക്കപ്പെട്ട രചനകളിലൂടെ കലഹിച്ചിരുന്നു. അഴീക്കോട് മാഷിനുശേഷം സാഹിത്യമായും സാമൂഹികമായും രാഷ്ട്രീയമായും ഉള്ള ജീര്‍ണതകള്‍ ചൂണ്ടിക്കാണിക്കാനും അതിനെതിരെ കലഹിക്കാനും ആളില്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയവും സാഹിത്യവും ഒരുമിച്ചുപോകണം. അതിരുകള്‍ ഭേദിക്കാതെ എഴുത്തുകാര്‍ക്ക് ഒന്നും ചെയ്യാനാവില്ല. പുതിയൊരു രാഷ്ട്രീയസങ്കല്പം എഴുത്തുകാര്‍ക്കുണ്ടാകണം. രാഷ്ട്രീയത്തില്‍ താത്പര്യമില്ലാത്ത യുവജനങ്ങളെ അരാഷ്ട്രീയവാദികള്‍ എന്നുവിളിക്കുന്നത് ശരിയല്ലെന്നും മുകുന്ദന്‍ പറഞ്ഞു.