ധര്‍മ്മടം: എഴുത്തുകാര്‍ ഗണ്‍മാന്റെ കൂടെ സഞ്ചരിക്കേണ്ട കാലം വൈകാതെ വരുമെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. ധര്‍മ്മടം ബാങ്ക് ഏര്‍പ്പെടുത്തിയ എം.പി കുമാരന്‍ സാഹിത്യപുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തോട് നിരന്തരം സംവദിക്കുകയും കലഹിക്കുകയും ചെയ്യുന്നയാളായിരിക്കണം എഴുത്തുകാരന്‍. എഴുത്തുകാരനെ ഒരു കള്ളിയിലും പ്രതിഷ്ഠിക്കാന്‍ സാധിക്കില്ല. എഴുത്തുകാരെ ഭയപ്പെടുന്നത് സ്വേച്ഛാധിപതികളാണ്. ആ ഭയത്തിന്റെ ഭാഗമാണ് ഇന്നു നമുക്കു ചുറ്റും കാണുന്ന സംഭവങ്ങളെന്നും മുകുന്ദന്‍ പറഞ്ഞു.
സര്‍ഗാത്മകത ഉള്ളില്‍ ആളുമ്പോള്‍ എവിടെയായാലും എഴുത്തുകാരന്‍ എഴുതും. പരിക്കേല്‍ക്കുന്ന മനുഷ്യന്റെയടുത്ത് എഴുത്തുകാരനുണ്ടാവണം. ഇരുട്ടില്‍ നില്‍ക്കുന്ന എഴുത്തുകാരന്റെ മുഖത്ത് വെളിച്ചം വീഴ്ത്തുന്ന വിളക്കാണ് ഓരോ പുരസ്‌കാരവുമെന്നും മുകുന്ദന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
മുന്‍ മന്ത്രി എം.എ ബേബിയാണ് മുകുന്ദന് പുരസ്‌കാരം സമ്മാനിച്ചത്. പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ എഴുത്തുകാര്‍ വിമര്‍ശിക്കാറുണ്ട്. സ്‌നേഹത്തോടുകൂടിയുള്ള വിമര്‍ശനമാണെങ്കില്‍ സദുദ്ദേശ്യമാണ് അവരെ നയിക്കുന്നതെന്ന് കരുതാന്‍ പുരോഗമന പ്രവര്‍ത്തകര്‍ സജ്ജരാകണമെന്ന് എം.എ ബേബി അഭിപ്രായപ്പെട്ടു.
ശത്രുതാപരമായ വിമര്‍ശനമാണെങ്കില്‍ സംസ്‌കാര സമ്പന്നമായ ഭാഷയില്‍ അവര്‍ക്ക് മറുപടി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.