ശ്രീനിവാസന്റെ തിരക്കഥയില്‍ എം. മോഹനന്‍ സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കഥ പറയുമ്പോള്‍. ശ്രീനിവാസന്‍, മമ്മൂട്ടി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം വന്‍ വിജയമായിരുന്നു. ചിത്രം തമിഴലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ എം. മോഹനന്‍.
ചിത്രത്തിന്റെ ഫൈനല്‍ എഡിറ്റ് കഴിഞ്ഞപ്പോള്‍ വിനീത് ശ്രീനിവാസന് സിനിമയില്‍ വിശ്വാസമില്ലായിരുന്നെന്നും ഇക്കാര്യം എഡിറ്ററായ രഞ്ജന്‍ എബ്രഹാമിനോട് സംസാരിച്ചെന്നും മോഹനന്‍ പറഞ്ഞു. സിനിമയുടെ കഥയിലേക്ക് ലോഞ്ച് ചെയ്യാന്‍ വല്ലാതെ സമയമെടുത്തെന്നായിരുന്നു വിനീതിന്റെ അഭിപ്രായമെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു. താനും രഞ്ജന്‍ എബ്രഹാമും വിനീതും അന്‍വര്‍ റഷീദും ഒരുമിച്ചാണ് ഫൈനല്‍ എഡിറ്റ് കണ്ടതെന്നും മോഹനന്‍ പറഞ്ഞു.
എന്നാല്‍ അന്‍വര്‍ റഷീദിന് സിനിമ വര്‍ക്കായെന്നും ആ സിനിമ ഹിറ്റാകുമെന്ന് അയാള്‍ പറഞ്ഞെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു. തന്നോട് ധൈര്യമായിട്ടിരിക്കാന്‍ അന്‍വര്‍ റഷീദ് പറഞ്ഞെന്നും ലാബില്‍ ഇരുന്ന് കണ്ടതുകൊണ്ട് ആ സിനിമയുടെ പിക്ചര്‍ ക്വാളിറ്റി അയാള്‍ക്ക് വളരെ മനോഹരമായി തോന്നിയെന്നും മോഹനന്‍ പറഞ്ഞു. എന്നിരുന്നാലും തനിക്ക് ചെറിയൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും ആ സമയത്ത് സെന്‍സര്‍ ബോര്‍ഡിലെ ഒരു ഓഫീസര്‍ തന്നെ വിളിച്ചെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു.
കഥ പറയുമ്പോളില്‍ രണ്ട് സീനില്‍ കട്ട് വേണമെന്ന് സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തന്റെ ആദ്യ സിനിമയായതുകൊണ്ടും സിനിമയുടെ തീം അവര്‍ക്ക് ഇഷ്ടമായതുകൊണ്ടും കട്ടൊന്നുമില്ലാതെ സിനിമക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും മോഹനന്‍ പറഞ്ഞു. സിനിമ സൂപ്പര്‍ഹിറ്റാകുമെന്ന് ആ ഒഫീസറും പറഞ്ഞെന്ന് മോഹനന്‍ കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു എം. മോഹനന്‍.
‘കഥ പറയുമ്പോളിന്റെ ഫൈനല്‍ എഡിറ്റ് കണ്ടപ്പോള്‍ വിനീതിന് പടം വര്‍ക്കായില്ല. തിയേറ്ററില്‍ ഇത് ഓടുമോ എന്ന് ഓര്‍ത്ത് വിനീതിന് ടെന്‍ഷനായി. ‘കഥയിലേക്ക് ലോഞ്ച് ചെയ്യാന്‍ ധാരാളം സമയമെടുക്കുന്നു’ എന്നായിരുന്നു വിനീത് എഡിറ്റര്‍ രഞ്ജന്‍ എബ്രഹാമിനോട് പറഞ്ഞത്. ആ സമയത്ത് ഞങ്ങളുടെ കൂടെ അന്‍വര്‍ റഷീദുമുണ്ടായിരുന്നു. പുള്ളിക്ക് പടം ഇഷ്ടമായി. ‘ചേട്ടന്‍ ധൈര്യമായിട്ടിരിക്ക്, ഈ പടം എന്തായാലും ഹിറ്റാകും’ എന്നാണ് അന്‍വര്‍ പറഞ്ഞത്. എഡിറ്റ് നടന്ന ലാബിലിരുന്നാണ് പടം കണ്ടത്. അതിന്റെ പിക്ചര്‍ ക്വാളിറ്റി അന്‍വറിന് വളരെ ഇഷ്ടമായി.
എന്നിരുന്നാലും എനിക്ക് ചെറിയൊരു ടെന്‍ഷനുണ്ടായിരുന്നു. ആ സമയത്ത് സെന്‍സര്‍ ബോര്‍ഡിലെ ഒരു ഓഫീസര്‍ എന്നെ വിളിച്ചു. പടം മുഴുവനും കണ്ട ശേഷം അതില്‍ രണ്ടിടത്ത് അവര്‍ക്ക് കട്ട് വേണമെന്ന് തോന്നിയിരുന്നു. പക്ഷേ, ‘തന്റെ ആദ്യത്തെ സിനിമയാണ്, അതുമാത്രമല്ല, ഇതുപോലെ നല്ലൊരു കഥ പറയുന്ന സിനിമക്ക് കട്ട് ആവശ്യമില്ല’ എന്ന് ആ ഓഫീസര്‍ പറഞ്ഞു. പടം സൂപ്പര്‍ഹിറ്റാകുമെന്നും അദ്ദേഹം എന്നോട് പറഞ്ഞിരുന്നു,’ എം. മോഹനന്‍ പറയുന്നു.
Content Highlight: M Mohanan shares the memories of Kadha Parayumbol movie