മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് എം. മോഹനന്‍. 2007ല്‍ പുറത്തിറങ്ങിയ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെയാണ് എം. മോഹനന്‍ സംവിധാനരംഗത്തേക്ക് കടന്നുവന്നത്. തുടര്‍ന്ന് മാണിക്യക്കല്ല്, 916, മൈ ഗോഡ്, അരവിന്ദന്റെ അതിഥികള്‍ എന്നീ ചിത്രങ്ങള്‍ അണിയിച്ചൊരുക്കി. ഏറ്റവും പുതിയ ചിത്രമായ ഒരു ജാതി ജാതകം പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.
ആദ്യചിത്രമായ കഥ പറയുമ്പോള്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാക്കാന്‍ മോഹനന് സാധിച്ചിരുന്നു. ഫീല്‍ഗുഡ് ഴോണറില്‍ ഒരുക്കിയ ചിത്രത്തിന്റെ അവസാന 10 മിനിറ്റ് മമ്മൂട്ടി തന്റെ പേരിലാക്കിയിരുന്നു. ചിത്രം തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. ചിത്രത്തിന്റെ റീമേക്കുകളെക്കുറിച്ച് സംസാരിക്കുകയാണ് എം. മോഹനന്‍.
ചിത്രം കണ്ട പ്രിയദര്‍ശന്‍ തമിഴില്‍ രജിനികാന്തിനെ വെച്ച് റീമേക്ക് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെന്ന് മോഹനന്‍ പറഞ്ഞു. പ്രിയദര്‍ശന്‍ ആ സിനിമ രജിനിയെ കാണിച്ചെന്നും അദ്ദേഹം അതിന്റെ ക്ലൈമാക്‌സ് കണ്ട് വളരെയധികം ഇമോഷണല്‍ ആയെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് ആ സിനിമ ചെയ്യണമെന്ന് രജിനി ആവശ്യപ്പെട്ടെന്നും എന്നാല്‍ പ്രിയദര്‍ശന് അത് റീമേക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും മോഹനന്‍ പറഞ്ഞു.
എന്നാല്‍ അതേ സിനിമ ഹിന്ദിയില്‍ ഷാരൂഖ് ഖാനെ വെച്ച് പ്രിയദര്‍ശന്‍ റീമേക്ക് ചെയ്‌തെന്നും രണ്ട് സിനിമകളും വലിയ വിജയമായിരുന്നെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു. നെടുമുടി വേണുവിനെയും മമ്മൂട്ടിയെയും മനസില്‍ കണ്ടാണ് ശ്രീനിവാസന്‍ ആ കഥ എഴുതിയതെന്നും തന്റെ നിര്‍ദേശപ്രകാരമാണ് ശ്രീനിവാസന്‍ ആ സിനിമയില്‍ അഭിനയിച്ചതെന്നും മോഹനന്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു എം. മോഹനന്‍.
‘കഥ പറയുമ്പോള്‍ വലിയ ഹിറ്റായപ്പോള്‍ വിളിച്ച് അഭിനന്ദിച്ചവരില്‍ ഒരാള്‍ പ്രിയദര്‍ശനായിരുന്നു. അദ്ദേഹത്തിന് ആ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. രജിനികാന്തിനെ വെച്ച് തമിഴില്‍ ആ പടം ചെയ്യണമെന്ന് പുള്ളിക്ക് ആഗ്രഹമുണ്ടായിരുന്നു. രജിനികാന്തിന് ആ പടം കാണിച്ചുകൊടുത്തത് പ്രിയദര്‍ശായിരുന്നു. പുള്ളി അതിന്റെ ക്ലൈമാക്‌സ് കണ്ട് വളരെ ഇമോഷണലായി. ‘ഈ സിനിമ എന്തായാലും ഞാന്‍ ചെയ്യും’ എന്ന് രജിനി സാര്‍ പറഞ്ഞു.
പക്ഷേ, തമിഴില്‍ പ്രിയദര്‍ശന് ആ പടം ചെയ്യാന്‍ കഴിഞ്ഞില്ല. പകരം ഹിന്ദിയില്‍ ഷാരൂഖിനെ വെച്ച് റീമേക്ക് ചെയ്തു. രണ്ട് റീമേക്കും വലിയ ഹിറ്റായിരുന്നു. ആ കഥ ആദ്യം ചെയ്യാനിരുന്നത് ഒരു സ്‌കൂള്‍ മാഷും സൂപ്പര്‍സ്റ്റാറും തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് എന്ന രീതിയിലായിരുന്നു. സ്‌കൂള്‍ മാഷായി നെടുമുടു വേണുച്ചേട്ടനായിരുന്നു ശ്രീനിയേട്ടന്റെ മനസില്‍. പിന്നീട് അത് ബാര്‍ബറായി മാറി. എന്റെ നിര്‍ദേശപ്രകാരമാണ് ശ്രീനിയേട്ടന്‍ ആ വേഷം ചെയ്തത്,’ എം. മോഹനന്‍ പറയുന്നു.
Content Highlight: M Mohanan says Priyadarshan wished to do the Tamil remake of Kadha Parayumbol starring Rajnikanth