Entertainment
ശ്രീനിയേട്ടന്റെ ജീവിതത്തില്‍ നടന്ന സംഭവമാണ് ആ സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രം: സംവിധായകന്‍ എം. മോഹന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 14, 03:21 am
Friday, 14th February 2025, 8:51 am

ശ്രീനിവാസന്റെ തിരക്കഥയില്‍ എം. മോഹനന്‍ സംവിധാനം ചെയ്ത ചിത്രമാണ് കഥ പറയുമ്പോള്‍. 2007ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശ്രീനിവാസന്‍, മീന, മമ്മൂട്ടി എന്നിവരായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്. ശ്രീനിവാസന്‍ ബാര്‍ബര്‍ ബാലനായി എത്തിയ സിനിമയില്‍ മമ്മൂട്ടി സിനിമാ നടന്‍ അശോക് രാജായാണ് അഭിനയിച്ചത്.

കഥ പറയുമ്പോള്‍ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ എം. മോഹന്‍. ശ്രീനിവാസന്റെ ജീവിതത്തിലെ അനുഭങ്ങള്‍ ചേര്‍ത്താണ് ആ ചിത്രം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എം. മോഹന്‍.

‘ഐ.വി സാറിന്റെ സിനിമയുടെ ഷൂട്ടിങ് തലശേരിയില്‍ വെച്ച് നടക്കുന്നുണ്ടായിരുന്നു. ആ സമയത്ത് അദ്ദേഹം എന്നോട് തലശേരിയിലെ ഹോട്ടല്‍ മുറിയില്‍ വരാന്‍ പറയും. അങ്ങനെ അവിടെ വെച്ചുണ്ടായ ചര്‍ച്ചകളില്‍ നിന്നാണ് ബാര്‍ബര്‍ ബാലന്‍ എന്ന കഥാപാത്രം ഉണ്ടാകുന്നത്.

ആദ്യം അധ്യാപകന്‍ എന്നാണ് വിചാരിച്ചത്. പിന്നീട് അത് ബാര്‍ബറായി മാറി. കുറച്ചൊക്കെ വര്‍ക്ക്ഔട്ടായി. പിന്നെ ശ്രീനിയേട്ടന്‍ പറഞ്ഞു ഞാന്‍ കുറച്ച് കാലം ഒന്ന് ഒറ്റക്കിരുന്ന് നോക്കട്ടെയെന്ന്. അങ്ങനെ ആന്റണി എടക്കൊച്ചിയുടെ കെയറോഫില്‍ ഏതോ ഒരു ദ്വീപില്‍ പോയി രണ്ടാഴ്ചയോളം എഴുതി.

അവിടെ ഇരുന്ന് ഫസ്റ്റ് ഹാഫ് വരെ വര്‍ക്കാക്കി എന്ന് പറഞ്ഞ ആള്‍ തിരിച്ച് വന്നപ്പോള്‍ ‘അത് ശരിയാവില്ല, അതുകൊണ്ട് ഞാന്‍ കളഞ്ഞു’ എന്ന് പറഞ്ഞു. പിന്നെ നമുക്ക് ഒന്നിച്ചിരിക്കാം എന്ന് പറഞ്ഞ് ഞങ്ങള്‍ ചെന്നൈയിലേക്ക് നടത്തിയ യാത്രയിലാണ് കഥ പറയുമ്പോള്‍ എന്ന സിനിമയുടെ കഥ ശ്രീനിയേട്ടന്റെ അനുഭവത്തില്‍ നിന്നുള്ളതാണെന്ന് മനസിലാകുന്നത്.

ശ്രീനിയേട്ടനും ജഗദീഷേട്ടനും ദുബായില്‍ ഒരു റെസ്റ്റോറന്റില്‍ ഫുഡ് കഴിച്ചുകൊണ്ടിരുന്നപ്പോള്‍, ഭാര്യയും ഭര്‍ത്താവും രണ്ട് പെണ്‍കുട്ടികളും അടങ്ങുന്ന ഒരു ഫാമിലി ശ്രീനിയേട്ടന്റെ അടുത്തേക്ക് വന്നു. ആ സ്ത്രീയെ കണ്ടപ്പോള്‍ ശ്രീനിയേട്ടന്‍ പേര് വിളിച്ചു. അത് കേട്ട് ആ സ്ത്രീ വിറച്ചുപോയി.

Sreenivasan About Friendship With Sathyan Anthikkad 

അപ്പോള്‍ അവരുടെ ഭര്‍ത്താവ് പറഞ്ഞത് ‘അവള്‍ കല്യാണം കഴിഞ്ഞ കാലം മുതല്‍ പറയുന്നതാണ് അവളും ശ്രീനിവാസനും ഒന്നിച്ച് പഠിച്ചതാണെന്ന്. എന്നാല്‍ ഞാന്‍ അവള്‍ ബഡായി പറയുന്നതാണെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു’ എന്ന്. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ചേര്‍ത്താണ് കഥ പറയുമ്പോള്‍ എന്ന ചിത്രം ഉണ്ടാകുന്നത്,’ എം. മോഹന്‍ പറയുന്നു.

Content highlight: M Mohan says Kadha Parayumbol movie was inspired by experience of Sreenivasan