തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രനെതിരെ അടിയന്തര പ്രമേയം കൊണ്ടു വന്ന പ്രതിപക്ഷത്തെ പരിഹസിച്ച് എം.എം. മണി എം.എല്‍.എ. പി.സി. വിഷ്ണുനാഥ്, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എന്നിവര്‍ക്കെതിരെയാണ് എം.എല്‍.എയുടെ പരിഹാസം.
‘അടിയന്തര പ്രമേയം അവതരിപ്പിച്ചത് പി.സി. വിഷ്ണുനാഥാണ്. ഉമ്മന്‍ചാണ്ടിയുടെ കാലത്തുണ്ടായ വിവാദങ്ങളില്‍പ്പെട്ട് കര്‍ണാടകയ്ക്ക് പോയ ആളാണ് വിഷ്ണുനാഥ്. പിന്നെ കുറെനാള്‍ ഇതിലെ നടക്കാന്‍ നിര്‍വാഹമില്ലായിരുന്നു. സ്ത്രീ സുരക്ഷയെക്കുറിച്ച് അദ്ദേഹം തന്നെ പ്രമേയം അവതരിപ്പിച്ചു എന്നുള്ളത് വളരെ സ്വാഗതാര്‍ഹമാണ്.
പിന്നെ സ്ത്രീ സുരക്ഷയെക്കുറിച്ച് വാദിച്ചത് കുഞ്ഞാലിക്കുട്ടി. പിന്നെ സംസാരിച്ചത് പി.ജെ. ജോസഫ്. ഇതൊക്കെ ഗംഭീരമായി,’എം.എം. മണി പറഞ്ഞു.
എന്നാല്‍ പി.സി. വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. സ്ത്രീപീഡന പരാതിയില്‍ മന്ത്രി ഇടപെട്ട് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന വിഷയത്തില്‍ മറുപടി പറയാനാകാതെ ജാള്യതകൊണ്ട് തലകുനിച്ചാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഇരിക്കുന്നതെന്നാണ് വിഷയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സഭ വിട്ടിറങ്ങുന്നതിന് മുന്‍പായിരുന്നു സതീശന്റെ പ്രതികരണം.
മന്ത്രിക്കു വേണ്ടി അനാവശ്യമായ ന്യായീകരണമാണ് മുഖ്യമന്ത്രി നടത്തിയത്. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മന്ത്രി സംസാരിച്ചത് കേരളം മുഴുവന്‍ കേട്ടു. പാര്‍ട്ടി നേതാവ് മകളുടെ കൈയ്യില്‍ പിടിച്ച വിഷയമല്ലേയെന്ന് പിതാവ് ചോദിച്ചപ്പോള്‍ അതേ എന്നായിരുന്നു മന്ത്രിയുടെ മറുപടിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എന്‍.സി.പി. നേതാവിനെതിരെ ഉയര്‍ന്ന സ്ത്രീ പീഡന പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നത്.
എന്‍.സി.പി. സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ കയ്യില്‍ കയറിപിടിച്ചെന്നും വാട്സ്ആപ്പിലൂടെ അപവാദ പ്രചാരണം നടത്തി എന്നുമായിരുന്നു യുവതിയുടെ പരാതി.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായിരുന്ന യുവതി, കൊല്ലത്തെ പ്രാദേശിക എന്‍.സി.പി. നേതാവിന്റെ മകളാണ്. പ്രചാരണ സമയത്ത് ഇവരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പദ്മാകരന്‍ കയ്യില്‍ കയറിപ്പിടിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ നല്ല നിലയില്‍ വിഷയം തീര്‍ക്കണമെന്നാണ് ശശീന്ദ്രന്‍ പരാതിക്കാരിയുടെ അച്ഛനോട് പറയുന്നത്. അവിടെ ചെറിയ ഒരു ഇഷ്യൂ ഉണ്ട്. അത് നമുക്ക് തീര്‍ക്കണമെന്ന് ശശീന്ദ്രന്‍ പറയുമ്പോള്‍ എന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ് എന്നും, അത് ഒത്തുതീര്‍പ്പാക്കാനാണോ സാര്‍ പറയുന്നതെന്നുമാണ് അതിന് പരാതിക്കാരന്‍ മറുപടിയായി ചോദിക്കുന്നത്.
സംഭവം നടന്ന അന്നുതന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും യുവതിയുടെ പേരില്‍ ഫേക്ക് ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും ആരോപണമുണ്ട്. പരാതിയില്‍ പറയുന്ന സംഭവങ്ങള്‍ നടന്ന സമയത്തെപ്പറ്റി വ്യക്തതയില്ലെന്ന കാരണം പറഞ്ഞാണ് പൊലീസ് ഇതുവരെ കേസ് എടുക്കാതിരുന്നത്. പദ്മാകരനും, എന്‍.സി.പി. പ്രവര്‍ത്തകന്‍ രാജീവിനും എതിരെ ചൊവ്വാഴ്ചയാണ് പൊലീസ് കേസ് എടുത്തത്.
ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന വിശദീകരണവുമായി ശശീന്ദ്രന്‍ എത്തിയിരുന്നു. ‘പീഡന പരാതിയാണെന്ന് അറിയില്ലായിരുന്നു. പാര്‍ട്ടിയിലെ പ്രശ്നമെന്ന നിലയ്ക്കാണ് ഇടപെട്ടത്,’ ശശീന്ദ്രന്‍ പറഞ്ഞു. കാര്യങ്ങള്‍ അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: M M Mani sarcastic comment on emergency resolution on the issue of A K Saseendran