Kerala News
'അറക്കുന്നതിന് മുമ്പ് ആരും പെടയ്ക്കണ്ട'; മാണി സി.കാപ്പനെതിരെ ഒളിയമ്പെയ്ത് എം.എം. മണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 31, 02:36 am
Sunday, 31st January 2021, 8:06 am

പാലാ: മാണി സി കാപ്പന്‍ എം.എല്‍.എയ്‌ക്കെതിരെ ഒളിയമ്പെയ്ത് സി.പി.ഐ.എം നേതാവായ എം.എം മണി. കെ.എം മാണി ഫൗണ്ടേഷന്‍ സംസ്ഥാനത്ത് സംഘടിപ്പിച്ച കെ.എം മാണി സ്മൃതി സംഗമങ്ങളുടെ സമാപനം പാലായില്‍ ഉദ്ഘാടനം ചെയ്യവേയായിരുന്നു
എം.എം മണിയുടെ പരോക്ഷ പരാമര്‍ശം.

അറക്കുന്നതിന് മുമ്പ് ആരും പെടയ്ക്കണ്ടെന്നായിരുന്നു മണി പറഞ്ഞത്. എന്തും ചര്‍ച്ച ചെയ്ത് പരിഹരിക്കുവാന്‍ ശേഷിയുള്ളതാണ് ഇടതുമുന്നണിയെന്നും സീറ്റുകാര്യം ചര്‍ച്ച ചെയ്ത് പരിഹരിക്കുവാന്‍ മുന്നണിക്കറിയാമെന്നും എം.എം മണി പറഞ്ഞു.

ഇടതുമുന്നണി ആരെയും ഒഴിവാക്കുന്ന മുന്നണിയല്ല. കേരള കോണ്‍ഗ്രസ്സിനെ അര്‍ഹമായ പിന്തുണ നല്‍കിയാണ് ഇടതു മുന്നണി സ്വീകരിച്ചത്. എല്ലാ സ്ഥാനങ്ങളും ഒറ്റയ്ക്ക് എടുക്കുന്ന രീതിയല്ല മുന്നണിയില്‍ സി.പി.ഐ.എം സ്വീകരിക്കുന്നത്. മണി പറഞ്ഞു.

കെ.എം മാണിയാണ് പാലായുടെ വികസന നായകനെന്നും മന്ത്രി മണി പറഞ്ഞു. തിരക്കുമൂലം മാണി സി.കാപ്പന് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

മാണി സാറെന്ന വിളിക്ക് അര്‍ഹനായത് കെ.എം.മാണി മാത്രം. സ്വന്തം മണ്ഡലത്തെ മറക്കാത്തതായിരുന്നു മാണി നല്‍കിയ മാതൃക. ജനാധിപത്യത്തിലെ ഇത്തരം മിനിമം ചുമതലകള്‍ പോലും മറക്കുന്നവരാണ് പല ജനപ്രതിനിധികളും. ഇന്നത്തെ നിലയിലേക്ക് പാലായെ പടുത്തുയര്‍ത്തിയത് കെ.എം.മാണിയായിരുന്നു. നാട് ഇന്ന് ഗുരുതരമായ സ്ഥിതിയിലൂടെ കടന്നുപോവുകയാണ്. രാജ്യത്തിന്റെ ഏക പച്ചത്തുരുത്ത് കേരളമാണ് കെ.എം മാണി പറഞ്ഞു.

പാലാ സീറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ കാപ്പന്‍ മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. കാപ്പനെ മുന്നണിയിലേക്ക് ക്ഷണിച്ച് യു.ഡി.എഫും രംഗത്തെത്തിയിരുന്നു.

എന്നാല്‍ പാല സീറ്റിനെ ചൊല്ലി ഒരു തര്‍ക്കവും നിലനില്‍ക്കുന്നില്ലെന്നും മാണി സി. കാപ്പന്‍ മുന്നണി വിടില്ലെന്നും മന്ത്രി ഇ. പി ജയരാജന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: M M Mani remembering KM Mani