പരപ്പനങ്ങാടി: മുപ്പതുകോടി രൂപാ ചിലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പരപ്പനങ്ങാടി 110 കെ.വി സബ്‌സ്റ്റേഷന്റെ ഉദ്ഘാടന വേദിയില്‍ മന്ത്രി എം.എം മണിയും എം.എല്‍.എ പി.കെ അബ്ദുറബ്ബും തമ്മില്‍ വാഗ്വാദം.
സി.ഐ.ടി.യുവിന്റെ പരിപാടിയില്‍ പങ്കെടുത്ത ശേഷം ഉദ്ഘാടനത്തിനായി ഞാറാഴ്ച രാവിലെ 11 മണിയോടെ എത്തിയ മന്ത്രി എം.എം മണി ഏതാണ്ട് ഒരു മണിക്കൂറോളം കാത്തിരുന്നിട്ടും സ്ഥലം എം.എല്‍.എ കൂടിയായ അബ്ദുറബ്ബ് വേദിയിലെത്തിയിരുന്നില്ല.
മണിയെ തുറന്ന വാഹനത്തില്‍ സ്വീകരിക്കാനായി മറ്റൊരു വഴിയിലൂടെ പോയ അബ്ദുറബ്ബും കൂട്ടരും മന്ത്രിയെ കാണാതെ അവിടെ കാത്തുനില്‍ക്കുകയാണെന്ന് കുറേസമയം കഴിഞ്ഞാണ് അറിഞ്ഞത്. ഏതായാലും സമരം കുറേ കഴിഞ്ഞെങ്കിലും അബ്ദുറബ്ബ് സ്ഥലത്തെത്തി.
തുടര്‍ന്ന് വേദിയില്‍ സംസാരം തുടങ്ങിയ അബ്ദുറബ്ബ് മണിയെ തുറന്ന വാഹനത്തില്‍ സ്വീകരിക്കാനായി തങ്ങള്‍ വഴിയില്‍ കാത്തുനില്‍ക്കുകയായിരുന്നെന്നും എന്നാല്‍ ഇതിനിടെ കയറിയ കൂടിയ ഏതോ ഒരു കള്ളന്‍ മന്ത്രിയെ ആരുമറിയാതെ മറ്റൊരു വഴിയിലൂടെ ഇവിടെ എത്തിക്കുകയായിരുന്നു എന്നും പറഞ്ഞു.
എന്നാല്‍ ഇതിന് ശേഷം സംസാരിക്കാനെത്തിയ മണി തന്നെ ആരും വഴിതെറ്റിച്ചിട്ടില്ലെന്നും എന്നെ സ്വീകരിക്കാനുള്ള പദ്ധതി ഇവര്‍ക്കുണ്ടായിരുന്നെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ തന്നെയോ താനുമായി ബന്ധപ്പെട്ട മറ്റാരേയോ അറിയിക്കണമായിരുന്നെന്നും പറഞ്ഞു. മന്ത്രിയുടെ ഈ വാക്കുകള്‍ നിറഞ്ഞ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്.
ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാനായി മറ്റ് സി.പി.ഐ.എം നേതാക്കളെയൊന്നും ക്ഷണിക്കാതിരുന്ന അബ്ദുറബ്ബിനെ മണി വിമര്‍ശിക്കുകയും ചെയ്തു. ” ഞാന്‍ സി.പി.ഐ.എം പ്രവര്‍ത്തകനാണ്. മുതിര്‍ന്ന നേതാവാണ് മോശം നേതാവൊന്നും അല്ല. അപ്പോള്‍ എന്നെ ഒരു ചടങ്ങിലേക്ക് വിളിക്കുമ്പോള്‍ എന്റെ രണ്ടോ മൂന്നോ സഖാക്കളെക്കൂടി ഈ പരിപാടിയിലേക്ക് ക്ഷണിക്കേണ്ടതായിരുന്നു” എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.