| Sunday, 5th May 2019, 3:07 pm

ഇടുക്കി ഡി.സി.സി പ്രസിഡന്റ് സുബോധമില്ലാതെ സംസാരിക്കുന്നു; കള്ളവോട്ട് ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി എം.എം മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: ഇടുക്കിയില്‍ കള്ളവോട്ട് നടന്നെന്ന യു.ഡി.എഫ് ആരോപണത്തില്‍ ഡി.സി.സി പ്രസിഡന്റിനെതിരേ അധിക്ഷേപവുമായി മന്ത്രി എം.എം മണി. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ സുബോധമില്ലാതെ സംസാരിക്കുകയാണെന്ന് മണി ആരോപിച്ചു.

കള്ളവോട്ട് ചെയ്‌തെന്ന ആരോപണം തെറ്റാണെന്നും ആരോപണം തെളിയിക്കാന്‍ യു.ഡി.എഫിനെ വെല്ലുവിളിക്കുന്നുവെന്നും മണി പറഞ്ഞു. ആരോപണം നിയമപരമായ പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയില്‍ സി.പി.ഐ.എം വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്നായിരുന്നു യു.ഡി.എഫ് ആരോപണം. രണ്ടു തിരിച്ചറിയില്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്‌തെന്നാരോപിച്ച് ഇബ്രാഹിംകുട്ടി ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയിരുന്നു.

ഉടുമ്പന്‍ചോല പഞ്ചായത്തിലെ 66, 69 നമ്പര്‍ ബൂത്തുകളിലാണു കള്ളവോട്ട് നടന്നതെന്നാണു പരാതിയില്‍ പറയുന്നത്. രണ്ടു തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് രഞ്ജിത് എന്നയാള്‍ രണ്ട് ബൂത്തുകളിലും വോട്ട് ചെയ്തു. തിരിച്ചറിയല്‍ കാര്‍ഡ് ഒന്നില്‍ രഞ്ജിത് കുമാറെന്നും മറ്റേതില്‍ പി. രഞ്ജിത്തെന്നുമാണു പേര് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് യു.ഡി.എഫ് ആരോപിച്ചു.

ഇയാള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണെന്നും ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് രണ്ട് കാര്‍ഡുകള്‍ ഉണ്ടാക്കിയതെന്നും അവര്‍ ആരോപിച്ചു. 66, 69 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നില്ല.

അതേസമയം കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ 199 കള്ളവോട്ടുകളുടെ വിവരങ്ങള്‍ കോണ്‍ഗ്രസ് കളക്ടര്‍ക്കു കൈമാറിയിരുന്നു. പാര്‍ട്ടി നിയമിച്ച അന്വേഷണസമിതിയാണ് ഈ വിവരങ്ങള്‍ കൈമാറിയത്. വോട്ടറുടെ പേരും ക്രമനമ്പരും ആ പേരില്‍ കള്ളവോട്ട് ചെയ്ത ആളുടെ പേരും ക്രമനമ്പറും ബൂത്തും ഉള്‍പ്പെടെയുള്ള വിവരങ്ങളാണു കൈമാറിയത്. ധര്‍മടം മണ്ഡലത്തിലെ ഒരു ബൂത്തില്‍ കള്ളവോട്ട് ചെയ്യുന്ന വീഡിയോ ദൃശ്യവും കൈമാറിയവയില്‍പ്പെടും.

We use cookies to give you the best possible experience. Learn more