'ഇ. ശ്രീധരനെ തോല്‍പ്പിച്ചു, നാലാം ക്ലാസില്‍ തോറ്റ എം.എം മണിയെ ജയിപ്പിച്ചു'; കേരളത്തിനെതിരെ വിദ്വേഷപ്രചരണവുമായി സംഘപരിവാര്‍; വായടപ്പിക്കുന്ന മറുപടി നല്‍കി മലയാളികള്‍
Kerala News
'ഇ. ശ്രീധരനെ തോല്‍പ്പിച്ചു, നാലാം ക്ലാസില്‍ തോറ്റ എം.എം മണിയെ ജയിപ്പിച്ചു'; കേരളത്തിനെതിരെ വിദ്വേഷപ്രചരണവുമായി സംഘപരിവാര്‍; വായടപ്പിക്കുന്ന മറുപടി നല്‍കി മലയാളികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th May 2021, 1:16 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകാതെ വലിയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ കേരളത്തിനെതിരെ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്റെ തോല്‍വിയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എം മണിയുടെ വലിയ വിജയവും താരതമ്യം ചെയ്താണ് വിദ്വേഷ പോസ്റ്റുകള്‍. കേരളത്തിനകത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരം പോസ്റ്റുകള്‍ വരുന്നുണ്ട്.

ലോകപ്രശസ്തനായ മെട്രോമാന്‍ 3000 വോട്ടിന് തോറ്റിരിക്കുകയാണ്. എന്നാല്‍ നാലാം ക്ലാസില്‍ തോറ്റ അക്ഷരാഭ്യാസമില്ലാത്ത കമ്യൂണിസ്റ്റ് എം.എം മണി 30,000 വോട്ടിന് ജയിച്ചിരിക്കുന്നു. ഇതാണ് നൂറ് ശതമാനം സാക്ഷരത നേടിയ സംസ്ഥാനത്ത് നടക്കുന്നതെന്നാണ് കേരളത്തിനെതിരെ വരുന്ന സംഘപരിവാര്‍ കമന്റുകളില്‍ ഭൂരിഭാഗവും.

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇതിനോട് സമാനമായ രീതിയില്‍ ക്യാംപെയ്‌നുകള്‍ നടക്കുന്നുണ്ട്. ബി.ജെ.പി അംഗമായതിന്റെ പേരില്‍ ഇ.ശ്രീധരനെ തോല്‍പ്പിച്ച കേരളത്തിന് വേണ്ടി ഇനി വിദ്യാഭ്യാസ ഫണ്ടില്‍ നിന്നും തുകയൊന്നും അനുവദിക്കേണ്ട കാര്യമില്ലെന്ന് ചിലര്‍ പറയുന്നു.

മലയാളി ആയതിന്റെ പേരില്‍ സ്വന്തം മുഖത്ത് അടിക്കാന്‍ തോന്നുവെന്നും ഇ. ശ്രീധരന്റെ തോല്‍വി നമ്മുടെ തോല്‍വിയാണെന്നൊക്കെ തരത്തിലുള്ള പ്രചാരണങ്ങളുമായി കേരളത്തില്‍ നിന്നുള്ള സംഘപരിവാര്‍ പ്രൊഫൈലുകളും രംഗത്തുണ്ട്.

ഈ വിദ്വേഷ പ്രചരണത്തിന് കുറിക്കുകൊള്ളുന്ന മറുപടികളും വരുന്നുണ്ട്. സാക്ഷരതയും വിദ്വേഷവും തികച്ചും വ്യത്യസ്തമായ രണ്ട് ഘടകങ്ങളാണെന്ന് മനസ്സിലാക്കണമെന്നും അത് കേരളത്തിന് നന്നായിട്ടറിയാമെന്നുമാണ് ചിലരുടെ മറുപടി. ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തെ പുറത്താക്കാന്‍ കേരളം തീരുമാനിച്ചതിന്റെ ഫലമാണ് ഇ.ശ്രീധരന്റെ പരാജയമെന്നും ഇവര്‍ പറയുന്നു.

നിങ്ങളുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താഴേത്തട്ടില്‍ നിന്നും ഉയര്‍ന്നുവന്ന വ്യക്തിത്വമാണെന്ന നിലയിലാണല്ലോ പ്രചാരണങ്ങള്‍ നടത്താറുള്ളത്, അല്ലാതെ പി.എച്ച്.ഡി നേടിയെന്ന് പറഞ്ഞിട്ടില്ലല്ലോ. എം.എം മണിയുടെ കാര്യത്തില്‍ മാത്രം മാറ്റിപ്പറയുന്നത് എന്തുകൊണ്ടാണെന്നും ചില പ്രൊഫൈലുകള്‍ ചോദിക്കുന്നു.

ബി.ജെ.പിയുടെ സവര്‍ണ്ണ ജാതീയ മുഖമാണ് ഇ. ശ്രീധരന്‍ – എം.എം മണി താരതമ്യത്തിലൂടെയും വ്യക്തിഹത്യയിലൂടെയും പുറത്തുവന്നിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 140 മണ്ഡലങ്ങളില്‍ 99 സീറ്റില്‍ വിജയിച്ചാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ഭരണം ഉറപ്പാക്കിയത്. ബാക്കിയുള്ള 41 സീറ്റില്‍ യു.ഡി.എഫ് ജയിച്ചു. സിറ്റിംഗ് സീറ്റായ നേമം പോലും കൈവിട്ട എന്‍.ഡി.എയ്ക്ക് സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാനായില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sangh Parivar hate campaign against Kerala after poor defeat in assembly elections, comparing M M Mani and E Sreedharan