| Monday, 16th May 2022, 1:02 pm

ഞാനായിരുന്നെങ്കില്‍ മനോരമയും മാതൃഭൂമിയും പറയുക എന്തോ അവിഹിതമുണ്ടെന്നാണ്; ഇത് പിന്നെ വലിയ വീട്ടിലെ പയ്യനാണല്ലോ; രാഹുലിനെതിരെ എം.എം മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി എം.എം. മണി എം.എല്‍.എ.

വടി വെച്ചിടത്ത് കുടവെക്കാത്ത മനുഷ്യനാണ് രാഹുല്‍ഗാന്ധിയെന്നും രാഹുല്‍ഗാന്ധിയെ കൊണ്ടുവരാന്‍ കുറച്ച് ആളുകള്‍ പൂജ നടത്തുകയാണെന്നും എം.എം. മണി വിമര്‍ശിച്ചു.

ഇടയ്ക്കിടയ്ക്ക് പുള്ളി മുങ്ങും. മുങ്ങിയതെങ്ങോട്ടാണെന്ന് അമ്മയ്ക്കും പെങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും അറിയില്ല. കെ.സി. വേണുഗോപാലിന് അറിയാമോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞാനാണ് ഇങ്ങനെ മുങ്ങുന്നതെങ്കില്‍ മനോരമയും മാതൃഭൂമിയും കോണ്‍ഗ്രസുകാരും പറയുക തനിക്ക് എവിടെയോ വേറെ പൊണ്ടാട്ടി ഉണ്ടെന്നും, എന്തോ അവിഹിത ഏര്‍പ്പാടുണ്ടെന്നുമാണ്. ഇത് വലിയ വീട്ടിലെ പയ്യനായത് കൊണ്ട് അങ്ങനെയൊന്നുമില്ല, എം.എം. മണി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധിയെ കൊണ്ട് വരുന്നു, പൂജ നടത്തുന്നു, പ്രാര്‍ത്ഥിക്കുന്നു, എന്തൊരു ഗതികേടാണ് ഇതുപോലെ ഒരു രാഷ്ട്രീയപാര്‍ട്ടിക്ക്. ത്ഫൂ അധപതിച്ചു പോയി.

ഇന്നത്തെ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നേരിട്ട തകര്‍ച്ച പരിശോധിച്ചാല്‍ ബി.ജെ.പിയ്ക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും ബി.ജെ.പി തീവ്ര ഹിന്ദുവര്‍ഗീയ വാദം ഉയര്‍ത്തുമ്പോള്‍ കോണ്‍ഗ്രസ് മൃതുഹിന്ദുവര്‍ഗീയവാദമാണ് ഉയര്‍ത്തുന്നതെന്നും എം.എം. മണി പറഞ്ഞു.

കോണ്‍ഗ്രസിന് ഒരു നേതൃത്വം പോലുമില്ല. കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമാണ്. ഈ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാണ് തൃക്കാക്കരയില്‍ മത്സരിക്കുന്നത് അതുകൊണ്ട് യാതൊരു തരത്തിലും രക്ഷപ്പെടാനുള്ള സാധ്യതയില്ല.

ഇതൊക്കെ ദേശീയ സ്വാതന്ത്ര്യ സമരത്തിന് വലിയൊരു പങ്ക് വഹിച്ച ഒരു പാര്‍ട്ടിയല്ലേ, നെഹറുവിന്റെ നാട്ടില്‍ 359 സീറ്റില്‍ കെട്ടിവെച്ച കാശാണ് യു.പിയിലെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോയത്, രാഹുല്‍ ഗാന്ധിയെ നേതാവാക്കി അദ്ദേഹം ഇതെല്ലാം ഏല്‍ക്കണം എന്ന മട്ടാണ്, എം.എം. മണി പറഞ്ഞു. ഇന്നലെ സമാപിച്ച കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിര്‍ യോഗം അസംബന്ധമാണെന്നും എം.എം. മണി ചൂണ്ടിക്കാട്ടി.

Content Highlight: M.M. Mani Criticise Rahul Gandi and Congress Leadership

We use cookies to give you the best possible experience. Learn more