ഇടുക്കി: മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് ഉടുമ്പന്‍ചോല എം.എല്‍.എയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എംഎം. മണി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മനോരമ നടത്തിയ സര്‍വേ ഫലത്തിനെതിരെയാണ് എം.എം. മണി രംഗത്തെത്തിയത്.
നിലവില്‍ അദ്ദേഹത്തിന്റെ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെയാണ് എം.എം. മാണിയുടെ പ്രതികരണം.
‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തനിക്ക് 194 ബൂത്തുകളില്‍ 192 ബൂത്തുകളിലും ലീഡ് ലഭിച്ചിരുന്നുവെന്നനും ഭൂരിപക്ഷം 38,305 ആയിരുന്നുവെന്നും എം.എം. മണി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.എം. മണിയ്ക്ക് പുറമെ പി.വി. അന്‍വര്‍, പി.എ. മുഹമ്മദ് റിയാസ്, എം.ബി. രാജേഷ്, കെ.ടി. ജലീല്‍ അടക്കമുള്ള ഇടതുസ്ഥാനാര്‍ത്ഥികള്‍ വിജയം കാണില്ലെന്നായിരുന്നു മനോരമയുടെ എകിസ്റ്റ് പോള്‍. എന്നാല്‍ മനോരമയുടെ സര്‍വേ ഫലത്തിന് നേരെ വിപരീതമായിരുന്നു യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് ഫലം.
അതേസമയം കടകംപള്ളി സുരേന്ദ്രന്‍, സച്ചിന്‍ ദേവ്, പി.ടി.എ റഹീം, സി.എച്ച്. കുഞ്ഞമ്പു, മുഹമ്മദ് മുഹ്സിന്‍ എന്നീ എം.എല്‍.എമാര്‍ എം.എം. മണിയുടെ പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്.
‘ആശാനേ അപ്പോള്‍ എന്റെയും കഴക്കൂട്ടത്തെ പാര്‍ട്ടിയുടെയും കാര്യമോ? മനോരമയുടെ സര്‍വേയില്‍ ബി.ജെ.പിയോട് തോറ്റ് വീട്ടില്‍ ഇരുത്തിയ എന്നെ യഥാര്‍ത്ഥ തെരഞ്ഞെടുപ്പില്‍ 23407 വോട്ടെന്ന വമ്പിച്ച ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ വിജയിപ്പിച്ചു,’ കടകംപള്ളി സുരേന്ദ്രന്‍ കമന്റില്‍ കുറിച്ചു.
‘സര്‍വേയില്‍ മനോരമ എന്നെ വീട്ടിലിരുത്തി. പ്രബുദ്ധ ബാലുശ്ശേരിക്കാര്‍ എന്നെ സഭയിലും,’ എന്നായിരുന്നു സച്ചിന്‍ ദേവിന്റെ പ്രതികരണം.
‘ഉദുമയില്‍ എക്‌സിറ്റ് പോളിലും മനോരമ തോല്‍പ്പിച്ചു, ജനങ്ങള്‍ ജയിപ്പിച്ചു,’ പി.ടി.എ റഹീം കുറിച്ചു. ഇവര്‍ക്ക് പുറമെ മനോരമയുടെ എക്‌സിറ്റ് പോളിനെയും തെരഞ്ഞെടുപ്പ് വിലയിരുത്തലിനെയും വിമര്‍ശിച്ച് നിരവധി കമന്റുകളാണ് എം.എം. മണിയുടെ പോസ്റ്റിന് താഴെയായി വരുന്നത്.
എം.എം. മണി ജയിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞപ്പോള്‍ ‘മനോരമ’ക്കാരന്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ കായംകുളത്ത് പ്രതിഭയുടെ ജയിച്ചെന്ന് കമ്മീഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടും വാര്‍ത്തയില്‍ തോല്‍പ്പിച്ചെന്ന് മാത്രമല്ല, തോറ്റതിനെക്കുറിച്ച് ബ്രാഞ്ചുകള്‍ മുതല്‍ ജില്ലാ കമ്മിറ്റിയില്‍ വരെ ചര്‍ച്ചയും വിമര്‍ശനവും വരെ നടക്കുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് ഒരാള്‍ ചൂണ്ടിക്കാട്ടി.
സ്വന്തം വിശ്വാസ്യത പോലും തകര്‍ത്തുകൊണ്ട് യു.ഡി.എഫിന് വേണ്ടി പ്രചരണം നടത്തുന്ന മനോരമയുടെ ആത്മാര്‍ത്ഥതയുടെ പകുതി എങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിച്ചേനേയെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlight: M.M. Mani against Manorama channel election survey