[]തിരുവനന്തപുരം: തെറ്റ് തിരുത്തി പാര്‍ട്ടിയിലേക്ക് മടങ്ങി വരണമെന്ന് കരുതുന്നവരെ പാര്‍ട്ടി തിരിച്ചെടുക്കുന്നതില്‍ തെറ്റില്ലെന്ന് മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സ്. []
സി.പി.ഐ.എം എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാമെന്നും ലോറന്‍സ് പറഞ്ഞു. ഒരാള്‍ ഒരു തെറ്റ് ചെയ്‌തെന്ന് കരുതി അയാളെ ആ തെറ്റിന്റെ നിഴലില്‍ ആജീവനാന്തം നിര്‍ത്തണമെന്നില്ല.
തെറ്റ് തിരുത്തി പാര്‍ട്ടിയില്‍ എത്തണമെന്ന് കരുതുന്നവരെ തീര്‍ച്ചയായും പാര്‍ട്ടി തിരിച്ചു വിളിക്കണം. അച്ചടക്ക നടപടി നേരിട്ടവര്‍ തെറ്റ് തിരുത്തി നല്ല രീതിയില്‍ ജീവിതം നയിക്കുകയാണെങ്കില്‍ തിരികെ എടുക്കാമെന്നും ലോറന്‍സ് പറഞ്ഞു.
സ്വഭാവദൂഷ്യമുള്ള ആളുകള്‍ കത്തോലിക്കാ സഭയില്‍ പോലും പുണ്യവാളന്‍മാരായി നില്‍ക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ തെറ്റ് തിരുത്തിയ ഒരാളെ സി.പി.ഐ.എം തിരിച്ചെടുക്കുന്നതില്‍ തെറ്റില്ലെന്നും ലോറന്‍സ് പറഞ്ഞു.
ഗോപി ചെയ്തതിനേക്കാള്‍ തെറ്റാണ് അയാള്‍ക്ക് എതിരെ പ്രവര്‍ത്തിച്ചവര്‍. അവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കണമെന്നില്ലെന്നും ലോറന്‍സ് വ്യക്തമാക്കി.
പിണറായി- ഗോപി കൂടിക്കാഴ്ചയെ കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നുപോയ ആളുകളെ തിരുത്താനും അവരെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരുകയും സഹായിക്കുകയും ചെയ്യുകയെന്നത് കമ്മ്യൂണിസ്റ്റ്കാരന്റെ കര്‍ത്തവ്യമാണെന്നായിരുന്നു ലോറന്‍സിന്റെ മറുപടി.