കൊച്ചി: അന്തരിച്ച മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കും. കേരളാ അനാട്ടമി ആക്ട് പ്രകാരമാണ് ഉപദേശക സമിതി തീരുമാനമെടുത്തത്. ലോറന്‍സിന്റെ ആഗ്രഹം അതായിരുന്നുവെന്ന് വിശ്വാസ്യയോഗ്യമായ സാക്ഷിമൊഴിയുണ്ടെന്ന് സമിതി കണ്ടെത്തിയതോടെയാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്.
സെപ്റ്റംബര്‍ 25നാണ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവായ എം.എം.ലോറന്‍സ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ വെച്ചാണ് മരണപ്പെടുന്നത്.
തുടര്‍ന്ന് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഭൗതികശരീരം വൈദ്യപഠനത്തിനായി വിട്ടുനല്‍കാന്‍ തീരുമാനിച്ചെങ്കിലും മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കരുതെന്ന് ആവശ്യപ്പെട്ട് മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇതോടെ വിഷയത്തില്‍ അന്തിമ തീരുമാനം വരുന്നത് വരെ എറണാകുളം മെഡിക്കല്‍ കോളേജില്‍ മൃതദേഹം സൂക്ഷിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
വിഷയത്തില്‍ അനാട്ടമി ആക്ട് പ്രകാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് അന്തിമ തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു.
തന്റെ പിതാവ് ഒരിക്കലും നിരീശ്വരവാദിയായിരുന്നില്ലെന്നും മതവിശ്വാസങ്ങള്‍ക്ക് എതിരായ നിലപാട് അദ്ദേഹം എടുത്തിരുന്നില്ലെന്നും ആശ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാന്‍ പിതാവ് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ലോറന്‍സിന്റെ മറ്റു രണ്ടു മക്കളായ സജീവനും സുജാതയും മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കണമെന്ന് തങ്ങളുടെ പിതാവ് ആവശ്യപ്പെട്ടിരുന്നതായും ഉപദേശക സമിതിയെ അറിയിക്കുകയായിരുന്നു.
Content Highlight: M.M Lawrence’s body will be handover for medical studies