| Monday, 23rd September 2024, 2:28 pm

ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് നല്‍കരുതെന്ന ഹരജിയുമായി മകള്‍; സംഘപരിവാര്‍ ഗൂഢാലോചനയെന്ന് മകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം.എം.ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കരുതെന്ന ആവശ്യവുമായി മകള്‍ ആശ ലോറന്‍സ്.

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് മകള്‍ ആശാ ലോറന്‍സ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഹരജി ഇന്ന് ഉച്ചയ്ക്ക് (തിങ്കളാഴ്ച്ച) ഹൈക്കോടതി പരിഗണിക്കും. ആശ ലോറന്‍സ് സമീപകാലത്ത് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

തന്റെ പിതാവ് ഒരിക്കലും നിരീശ്വരവാദിയായിരുന്നില്ലെന്നും മതവിശ്വാസങ്ങള്‍ക്ക് എതിരായ നിലപാട് അദ്ദേഹം എടുത്തിട്ടില്ലെന്നും ആശ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാന്‍ പിതാവ് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സി.പി.ഐ.എം ഞങ്ങളുടെ അച്ഛനെയും ഞങ്ങളെയും വഞ്ചിക്കുകയാണ്. മൂത്ത മകന്‍ പാര്‍ട്ടിയുടെ അടിമയാണ്. ഒരു കമ്മ്യൂണിസ്റ്റുകാരന് ക്രിസ്ത്യന്‍ വിശ്വാസപ്രകാരം അന്ത്യ യാത്ര നടത്തുന്നത് സി.പി.ഐ.എമ്മിന് സഹിക്കാനാവില്ലെന്നും അതാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് നയിച്ചതെന്നും അവര്‍ കുറിപ്പില്‍ പറയുന്നു.

അതേസമയം ഹരജിക്ക് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചന സംശയിക്കുന്നതായി മകന്‍ സജീവന്‍ പറഞ്ഞു. അച്ഛന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടു നല്‍കുന്നതെന്നും സഹോദരി ആശയെ ചിലര്‍ കരുവാക്കുകയാണെന്നും സജീവന്‍ പറഞ്ഞു.

അതേസമയം മകള്‍ ആശ തന്റെ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും വളരെയധികം വിഷമമുണ്ടാക്കിയെന്ന ലോറന്‍സിന്റെ പരാമര്‍ശത്തെ മകള്‍ തള്ളിക്കളഞ്ഞു. ആശയ്ക്ക് പുറമെ മകന്‍ മിലനും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

ലോറന്‍സിന്റെ ഭൗതിക ശരീരം സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലേയും ടൗണ്‍ ഹാളിലേയും പൊതുദര്‍ശനത്തിന് ശേഷം എറണാകുളം മെഡിക്കല്‍ കോളേജിന് കൈമാറാനാണ് തീരുമാനിച്ചിരുന്നത്.

Content Highlight: M.M Lawrence’s body should not be released to the medical college; Daughter with petition

We use cookies to give you the best possible experience. Learn more