ന്യൂദല്‍ഹി: മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ട് നല്‍കരുതെന്ന മകള്‍ ആശ ലോറന്‍സിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി. എല്ലാവശങ്ങളും പരിശോധിച്ചാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി അപ്പീല്‍ തള്ളിയത്.
സെപ്റ്റംബര്‍ 25നാണ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവായ എം.എം. ലോറന്‍സ് മരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം വൈദ്യപഠനത്തിനായി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാന്‍ മകന് അടക്കമുള്ള കുടുംബാംഗങ്ങള്‍ തീരുമാനിച്ചു.
എന്നാല്‍ ഇതിനെതിരെ മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി തീരുമാനം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് വിട്ടതോടെയാണ് മകള്‍ ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
കേരളത്തിലെ സി.പി.ഐ.എമ്മിനെ അടക്കം എതിര്‍കക്ഷികള്‍ ആക്കിയാണ് ആശ ലോറന്‍സ് സുപ്രീം കോടതിയെ സമീപിച്ചത്. രാഷ്ട്രീയ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ട് നല്കാന് തീരുമാനിച്ചതെന്നാണ് ആശ ലോറന്‍സിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്.
അഭിഭാഷകരായ കൃഷ്ണരാജ്, ടോം ജോസഫ് എന്നിവരാണ് ആശയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. എന്നാല്‍ ഹൈക്കോടതി വിധിയില്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിരുന്നു എന്നാണ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയത്.
ക്രിസ്തുമത വിശ്വാസപ്രകാരം മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കുന്നതിന് വിലക്ക് ഒന്നുമില്ലല്ലോ എന്ന് കോടതി ചോദിച്ചു. ഹൈക്കോടതിയുടെ വിധിയില്‍ പിഴവുകള്‍ ഒന്നും ഇല്ലെന്നും എല്ലാകാര്യവും വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഹൈക്കടതി ഈ വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് വിട്ട് നല്കിയപ്പോള് മൃതദേഹം വിട്ട് നല്‍കണം എന്നായിരുന്നു പ്രിന്‍സിപ്പലും ഉത്തരവിട്ടത്. അന്ന് കേരളാ അനാട്ടമി ആക്ട് പ്രകാരമാണ് ഉപദേശക സമിതി തീരുമാനമെടുത്തത്.
ലോറന്‍സിന്റെ ആഗ്രഹം അതായിരുന്നുവെന്ന് വിശ്വാസ്യയോഗ്യമായ സാക്ഷിമൊഴിയുണ്ടെന്ന് സമിതി കണ്ടെത്തിയതോടെയാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. വിഷയത്തില്‍ അന്തിമ തീരുമാനം വരുന്നത് വരെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജില്‍ സൂക്ഷിക്കാന്‍ കോടതി ഉത്തരവിട്ടു.
തന്റെ പിതാവ് ഒരിക്കലും നിരീശ്വരവാദിയായിരുന്നില്ലെന്നും മതവിശ്വാസങ്ങള്‍ക്ക് എതിരായ നിലപാട് അദ്ദേഹം എടുത്തിരുന്നില്ലെന്നുമാണ് ആശ ആരോപിച്ചിരുന്നത്. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാന്‍ പിതാവ് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ പറയുകയുണ്ടായി. എന്നാല്‍ ലോറന്‍സിന്റെ മറ്റു രണ്ടു മക്കളായ സജീവനും സുജാതയും മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കണമെന്ന് തങ്ങളുടെ പിതാവ് ആവശ്യപ്പെട്ടിരുന്നതായി ഉപദേശക സമിതിയെ അറിയിക്കുകയായിരുന്നു
Content Highlight: M.M Lawrence’s body should be handed over to the medical college; The daughter’s appeal was dismissed by the Supreme Court