ആര്‍.ആര്‍.ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്‌കാര്‍ ലഭിച്ചതോടെ ലോക സംഗീതപ്രേമികള്‍ക്കും പ്രിയങ്കരനായ വ്യക്തിയാണ് എം.എം. കീരവാണി. തന്റെ ഏറ്റവും പ്രിയപ്പെട്ട ഗായിക ചിത്രയാണെന്ന് പറയുകയാണ് അദ്ദേഹം.
ചിത്ര തന്റെ സീനിയറാണെന്നും ആദ്യ കമ്പോസിങ് ആരംഭിച്ചപ്പോള്‍ എസ്.ജാനകിയൊക്കെയാണ് ഫോമില്‍ നിന്നിരുന്നതെങ്കിലും ചിത്രയെ കൊണ്ടാണ് താന്‍ പാടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ എസ്. ജയശങ്കറിനൊപ്പം വര്‍ക്ക് ചെയ്ത അനുഭവങ്ങളും കീരവാണി പങ്കുവെച്ചു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗായിക ചിത്രയാണ്. ചിത്ര എന്റെ സീനിയറാണ്. രാജമണി സാര്‍ എന്റെ ഗുരുവാണ്. ഫിലിം ഇന്‍ഡസ്ട്രിയില്‍ എനിക്ക് ഒരു ചാന്‍സ് തന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ചിത്ര അവിടെ വരാറുണ്ട്. അന്നു തൊട്ട് അവരുടെ പാട്ടുകള്‍ എനിക്ക് ഇഷ്ടമാണ്.
ഞാന്‍ ഫസ്റ്റ് കമ്പോസിങ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ എസ്.ജാനകിയൊക്കെയാണ് കുറച്ച് ഫോമില്‍ നിന്നിരുന്നത്. പക്ഷെ എന്റെ പാട്ടിന് ചിത്ര തന്നെ വേണമെന്ന് ഞാന്‍ പറഞ്ഞു. എല്ലാ പാട്ടുകളും ചിത്രയെ കൊണ്ടാണ് പാടിപ്പിച്ചത്.
ജയശങ്കര്‍ സാറിനെ കുറിച്ച് ഒരു രസകരമായ സംഭവമുണ്ട്. അദ്ദേഹത്തെ കണ്ടാല്‍ എന്റെ അച്ഛനെ പോലെയുണ്ട് കാണാന്‍. റെക്കോഡിന് വന്നപ്പോള്‍ ചെറിയൊരു വോയ്‌സ് റെക്കോഡര്‍ കൊണ്ടു വന്നു. പണ്ട് പാട്ടുകാരെല്ലാം കയ്യില്‍ കരുതുന്നതാണ്. ഇന്ന് എല്ലാം ഐഫോണ്‍ അല്ലെ.
റെക്കോഡറില്‍ റെക്കോഡ് ചെയ്തിട്ടാണ് അവര്‍ കേള്‍ക്കുക. അത് അദ്ദേഹം സ്റ്റുഡിയോയില്‍ വെച്ച് മറന്നു. പിന്നെ നോക്കുമ്പോള്‍ രാത്രി നേരം വൈകി അദ്ദേഹത്തിന്റെ കോള്‍. സോറി, എന്റെ റെക്കോഡര്‍ ഞാന്‍ എവിടെയോ മറന്നു. അത് നിങ്ങള്‍ കണ്ടോയെന്ന് ചോദിക്കാനാണ് വിളിച്ചത് എന്ന് പറഞ്ഞു.
ഞാന്‍ കണ്ടിട്ടില്ല സാര്‍ എന്ന് പറഞ്ഞു. അദ്ദേഹം എന്റെ അച്ഛനെ പോലെ തന്നെയാണ് ഒരു സാധനം എവിടെയെങ്കിലും വെച്ച് മറന്നുപോയാല്‍ പിന്നെ തേടി കണ്ടുപിടിക്കുന്നത് വരെ അദ്ദേഹത്തിന് റെസ്റ്റ് ഉണ്ടാവില്ല,” കീരവാണി പറഞ്ഞു.