| Wednesday, 13th March 2024, 4:28 pm

ആദ്യമായിട്ട് ഒരു ഡബ്ബിങ് സിനിമ ഒറിജിനലിനെക്കാള്‍ മികച്ചതായി തോന്നി: പ്രേമലുവിനെക്കുറിച്ച് എം.എം. കീരവാണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസായി ഒരു മാസം പിന്നിട്ടിട്ടും ബോക്‌സ് ഓഫീസ് തേരോട്ടം തുടരുകയാണ് പ്രേമലു. ഈയടുത്ത് മലയാളത്തില്‍ വന്ന ഒരു പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറാണ പ്രേമലു. മലയാളത്തിന് പുറമേ തെലുങ്കിലും ചിത്രം ഗംഭീര അഭിപ്രായമാണ് നേടുന്നത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ അവകാശം നേടിയത് എസ്.എസ്. രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയാണ്. തെലുങ്ക് പതിപ്പിന്റെ റിലീസിന് പിന്നാലം ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടി. ഈ വര്‍ഷത്തെ രണ്ടാമത്തെ നൂറുകോടി ചിത്രമാണ് പ്രേമലു.

ചിത്രത്തിന്റെ തെലുങ്കിലെ സക്‌സസ് ഇവന്റില്‍ കീരവാണി സിനിമ കണ്ട അനുഭവം പങ്കുവെച്ചു. ഒറിജിനല്‍ ഭാഷയിലാണ് ആദ്യം കണ്ടതെന്നും, പിന്നീട് ഡബ്ബ്ഡ് വേര്‍ഷന്‍ കണ്ടപ്പോള്‍ ഒറിജിനലിനെക്കാള്‍ മികച്ചതായി തോന്നിയെന്നും കീരവാണി പറഞ്ഞു. സിനിമ കണ്ട അനുഭവം എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കീരവാണി.

‘പ്രേമലു ആദ്യം മലയാളം വേര്‍ഷനാണ് കണ്ടത്. ഒരുപാട് ചിരിച്ചു, പക്ഷേ ചില ഭാഗങ്ങള്‍ മനസിലായില്ല. പിന്നീടാണ് നമ്മുടെ കാര്‍ത്തികേയ ഈ സിനിമ തെലുങ്കില്‍ ചെയ്യുന്നുണ്ടെന്ന് കേട്ടത്. ഡബ്ബ് ചെയ്ത വേര്‍ഷന്‍ ഇറങ്ങിയപ്പോള്‍ അതും കണ്ടു. മലയാളത്തിനെക്കാള്‍ മികച്ചതായി. ഏതൊരു സിനിമയും നമ്മുടെ ഭാഷയില്‍ കാണുമ്പോള്‍ കുറച്ചുകൂടി കണക്ടാകും. ഈ സിനിമ നമുക്കെല്ലാം എത്തിച്ചുതന്ന നമ്മുടെ കാര്‍ത്തികേയക്കാണ് ആദ്യം നന്ദി പറയേണ്ടത്. ഇതേ ഴോണറില്‍ നമ്മുടെ ഭാഷയിലും സിനിമകള്‍ ഇറങ്ങുന്നുണ്ട്. പക്ഷേ ഒന്നും ഇതുപോലെ പെര്‍ഫക്ടല്ല.

എന്നെ ഈ സിനിമയില്‍ അത്ഭുതപ്പെടുത്തിയത് ഇതിന്റെ സൗണ്ട് മിക്‌സിങ്ങാണ്. അതു ചെയ്ത വിഷ്ണു സുജാതന്‍, അയാള്‍ക്ക് സ്‌പെഷ്യലായി കണ്‍ഗ്രാജുലേറ്റ് ചെയ്യണം. അത്രക്ക് ഗംഭീര വര്‍ക്കാണ് ചെയ്തിട്ടുള്ളത്. ഇങ്ങനെ ചിരിപ്പിച്ച സിനിമ ഈയടുത്ത് ഉണ്ടായിട്ടില്ല. കാര്‍ത്തികേയക്ക് ഇനിയും ഇതുപോലുള്ള സിനിമകള്‍ അവതരിപ്പിക്കാന്‍ സാധിക്കട്ടെ. ഈ സിനിമയില്‍ എന്റെ ഒരു പാട്ട് ഉപയോഗിച്ചിട്ടുണ്ട്. ദേവരാഗം എന്ന സിനിമയിലെ പാട്ട്… ആ പാട്ട് ചെയ്യുമ്പോള്‍ കാര്‍ത്തികേയക്ക് നാല് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് നാലു വയസുള്ള കുട്ടിയുടെ അച്ഛനാണ് അവന്‍,’ കീരവാണി പറഞ്ഞു.

Content Highlight: M M Keeravani sharing the experience of Premalu

We use cookies to give you the best possible experience. Learn more