| Monday, 13th March 2023, 3:40 pm

കാര്‍പെന്റേഴ്‌സിനെ കേട്ടു വളര്‍ന്ന ഞാന്‍ ഇന്ന് ഓസ്‌കാറുമായി നില്‍ക്കുന്നു: എം.എം. കീരവാണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എസ്.എസ്. രാജമൗലിയുടെ ആര്‍.ആര്‍.ആറിലെ നാട്ടു നാട്ടുവിന് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചതോടെ ചരിത്ര നിമിഷത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്.. ഒറിജിനല്‍ ഗാനവിഭാഗത്തില്‍ ഓസ്‌കാര്‍ ലഭിക്കുന്ന ആദ്യ ഗാനമാണ് നാട്ടു നാട്ടു.

സംഗീത സംവിധായകന്‍ എം.എം.കീരവാണിയും രചയിതാവ് ചന്ദ്രബോസും ചേര്‍ന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. പുരസ്‌കാരം ഏറ്റുവാങ്ങി വേദിയില്‍ വെച്ച് അദ്ദേഹം കാര്‍പെന്റേഴ്‌സ് എന്ന മ്യൂസിക് ബാന്റിനെക്കുറിച്ചും സംസാരിച്ചിരുന്നു. ‘കാര്‍പെന്റേഴ്‌സിനെ കേട്ടു വളര്‍ന്ന ഞാന്‍ ഇന്ന് ഓസ്‌കാറുമായി നില്‍ക്കുന്നു’ എന്നാണ് അദ്ദേഹം പറഞ്ഞത്.

സഹോദരങ്ങളായ കാരെനും റിച്ചാര്‍ഡ് കാര്‍പെന്ററും അടങ്ങുന്ന ഒരു അമേരിക്കന്‍ വോക്കല്‍, ഇന്‍സ്ട്രുമെന്റല്‍ ജോഡിയാണ് ദ കാര്‍പെന്റേഴ്‌സ്. 61കാരനായ എം.എം. കീരവാണി ഓസ്‌കാര്‍ വേദിയില്‍ കാര്‍പെന്റേഴ്‌സിന്റെ പ്രശസ്തമായ ഗാനങ്ങളിലൊന്ന് ആലപിക്കുകയും ചെയ്തിരുന്നു.

‘എന്റെ മനസ്സില്‍ ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, ആര്‍.ആര്‍. ആര്‍ വിജയിക്കണം. ഓരോ ഇന്ത്യക്കാരന്റെയും അഭിമാന നിമിഷമാണിത്, അതെന്നെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചു,” കീരവാണി പറഞ്ഞു.

കൂടാതെ അദ്ദേഹത്തിന്റെ സഹോദര പുത്രനും രാജമൗലിയുടെ മകനുമായ എസ്.എസ്. കാര്‍ത്തികേയയെക്കുറിച്ചും കീരവാണി ഓസ്‌കാര്‍ വേദിയില്‍ സംസാരിച്ചിരുന്നു. ‘കാര്‍ത്തികേയക്കും വേരിയന്‍സ് ഫിലിമിനും നന്ദി, ഇത് സാധ്യമാക്കിയത് നിങ്ങളാണ്. എല്ലാവര്‍ക്കും നന്ദി സ്‌നേഹം’, അദ്ദേഹം പറഞ്ഞു.

അതേസമയം, കാര്‍പെന്റേഴ്‌സിന്റെ പാട്ടുകള്‍ കേട്ടാണ് താന്‍ വളര്‍ന്നതെന്ന് ഓസ്‌കാര്‍ വേദിയില്‍ കീരവാണി പറഞ്ഞതോടെ കാര്‍പന്റേഴ്‌സും അവരുടെ സംഗീത സംഭാവനകളും സമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നുണ്ട്.

കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത് ഗുനീത് മോംഗ നിര്‍മ്മിച്ച ദ എലിഫന്റ് വിസ്പറേഴ്സിന് 95-ാമത് അക്കാദമി അവാര്‍ഡ് വേദിയില്‍ മികച്ച ഡോക്യുമെന്ററി ഷോട്ട് ഫിലിം വിഭാഗത്തില്‍ പുരസ്‌കാരത്തിന് അര്‍ഹമായിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഓസ്‌കാര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് ദ എലിഫന്റ് വിസ്പറേഴ്സ്. 14 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ഓസ്‌കാര്‍ എത്തുന്നത്.

content highlight: m.m keeravani about the carpenters

We use cookies to give you the best possible experience. Learn more