കോഴിക്കോട്: എം.ടിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് എഴുത്തുകാരിയും നിരൂപകയുമായ ഡോ.എം.ലീലാവതി. താന്‍ മരിക്കുമ്പോള്‍ തന്നെ കുറിച്ച് രണ്ട് വാക്ക് പറയേണ്ടിയിരുന്ന എം.ടിയുടെ വിയോഗത്തില്‍ പ്രതികരിക്കേണ്ടി വന്നത് തന്റെ ജീവിതത്തിലെ ദുര്യോഗമാണെന്നാണ് എം.ലീലാവതി പറയുന്നത്.
‘ഈ ഒരു സാഹചര്യമൊഴിവാക്കാനും എം.ടി ജീവിതത്തിലേക്ക് തിരിച്ചുവരാനും കഴിഞ്ഞ ദിവസങ്ങളിലായി പ്രാര്‍ത്ഥിച്ചുവരികയായിരുന്നു. പണ്ടൊരിക്കലുണ്ടായത് പോലെ രോഗശൈയ്യയില്‍ നിന്നും തിരിച്ചുവരുമെന്നായിരുന്നു ആശ. എം.ടിക്ക് വേണ്ടി ഞാന്‍ നിരന്തരം പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. നിഷ്ഠൂരയായ നീതി കേട്ടില്ല,’ ലീലാവതി പറഞ്ഞു.
എം.ടി തനിക്കൊരു അനുജനെ പോലെയായിരുന്നെങ്കിലും തന്റെ ഗുരുനാഥനായിരുന്നു അദ്ദേഹമെന്നും തന്നെ കണ്ടത് മുതല്‍ ഒരുപാട് പ്രോത്സാഹനം തന്നയാളാണ് അദ്ദേഹമെന്നും ലീലാവതി ടീച്ചര്‍ പറയുന്നു.
അദ്ദേഹം മാതൃഭൂമി പത്രാധിപരായിരിക്കുന്ന കാലത്ത് എഴുതിയയച്ച ഒരൊറ്റ ലേഖനം പോലും ഒരക്ഷരം പോലും മാറ്റാതെ പ്രസിദ്ധീകരിച്ച ആളാണ് എം.ടിയെന്നും അദ്ദേഹത്തോടുള്ള കൃതജ്ഞത എങ്ങനെ പ്രദര്‍ശിപ്പിക്കാനാണെന്നും ലീലാവതി ടീച്ചര്‍ ചോദിക്കുന്നു.
പ്രായംകൊണ്ട് തന്റെ ശിഷ്യന്റെ സ്ഥാനത്താണെങ്കിലും വാസ്തവത്തില്‍ തന്റെ ഗുരുനാഥന്റെ സ്ഥാനത്താണ് എം.ടിയെ താന്‍ മനസില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും ലീലാവതി സ്മരിക്കുകയുണ്ടായി.
അദ്ദേഹത്തിന്റെ കൃതികളെ വിലയിരുത്താന്‍ ഈയൊരു സന്ദര്‍ഭത്തില്‍ ഒരുങ്ങുന്നില്ലെന്നും എന്നാല്‍ ലിഖിത സാഹിത്യത്തിലെന്ന പോലെ തന്നെ ദൃശ്യ സാഹിത്യത്തിലെല്ലാം തൊട്ടതെല്ലാം പൊന്നാക്കുവാന്‍ വരം കിട്ടിയിട്ടുള്ള വ്യക്തിയാണ് എം.ടിയെന്നും ലീലാവതി കൂട്ടിച്ചേര്‍ത്തു.
‘മഹാനായ പല എഴുത്തുകാരും പൊള്ളയായ പല കൃതികളും എഴുതിയിട്ടുണ്ടെങ്കിലും എം.ടി അങ്ങനെ പൊള്ളയായ ഒന്നും എഴുതിയിട്ടില്ല.’ he touch nothing that he did not down’ എന്ന ചൊല്ല് അദ്ദേഹത്തിന്റെ കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്.
ദൃശ്യകലാ സാഹിത്യത്തില്‍ അദ്ദേഹം ഏര്‍പ്പെട്ടത് ലിഖിത സാഹിത്യത്തില്‍ ഏറെ നേട്ടങ്ങള്‍ക്ക് ശേഷമാണ്. ദൃശ്യത്തിലും സാഹിത്യത്തിലും അദ്ദേഹം ഒരുപോലെ തിളങ്ങി. മറ്റാര്‍ക്കാണ് ഇതുപോലെ തിളങ്ങാന്‍ സാധിക്കുക. എം.ടിയെ ഞാന്‍ അങ്ങേയറ്റം ഹൃദയം നിറഞ്ഞ ആദരത്തോടെ സ്മരിക്കുന്നു,’ എം.ലീലാവതി പറയുന്നു.
Content Highlight: M. Lilavati in memory of M.T