ഇന്ത്യന്‍ ഫുട്‌ബോള്‍ താരമായ അനസ് എടത്തൊടികയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ടി.വി. ഇബ്രാഹിം എം.എല്‍.എ. വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ജോലി നല്‍കാത്തതില്‍ പ്രധിഷേധിച്ചാണ് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്.
അനസിനെ കൂടാതെ റിനോ ആന്റോ, എന്‍.പി. പ്രദീപ് എന്നിവരെയും സര്‍ക്കാര്‍ തഴഞ്ഞു എന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. അവരെ കുറിച്ചും ഇബ്രാഹിം പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.
‘ അനസിനോട് സര്‍ക്കാര്‍ നീതി കാണിക്കണം’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം പോസ്റ്റ് തുടങ്ങിയത്. കേരളത്തിനും ഇന്ത്യക്കും നിരവധി മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ രാജ്യത്തിന്റെ അഭിമാനമായ ഫുട്‌ബോള്‍ താരം അനസ് എടത്തൊടികക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന വാഗ്ദാനം ഇതുവരെ പാലിക്കാത്തത് പ്രതിഷേധാര്‍ഹം തന്നെയാണ് എന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
നിയമസഭയില്‍ പലതവണ ഈ വിഷയം ഉന്നയിക്കുകയും രേഖാമൂലം മന്ത്രിക്ക് പരാതി നല്‍കിയതാണെന്നും
അപ്പോഴെല്ലാം ഇവ പരിശോധിച്ചു വരികയാണെന്നും സര്‍ക്കാര്‍ ജോലി നല്‍കുന്ന കാര്യത്തില്‍ ഉടനെ തീരുമാനമുണ്ടാകുമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ തന്നെ നേരിട്ട് അറിയിച്ചിരുന്നുവെന്നും എന്നാല്‍ ഇതുവരെ ആ വാഗ്ദാനം ആരും നിറവേറ്റിയിട്ടില്ല എന്നും ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു.
വി.ടി. ഇബ്രാഹിമിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം.
അനസിനോട് സര്‍ക്കാര്‍ നീതി കാണിക്കണം.
എന്റെ പ്രിയങ്കരനായ വിദ്യാര്‍ത്ഥിയും കേരളത്തിനും ഇന്ത്യക്കും നിരവധി മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ രാജ്യത്തിന്റെ അഭിമാനമായ ഫുട്‌ബോള്‍ താരം അനസ് എടത്തൊടികക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന വാഗ്ദാനം ഇതുവരെ പാലിക്കാത്തത് പ്രതിഷേധാര്‍ഹം തന്നെയാണ്.
സര്‍ക്കാര്‍ നേരത്തെ നല്‍കിയ ഉറപ്പ് എത്രയും വേഗം പാലിക്കുക . നിയമസഭയില്‍ പലതവണ ഈ വിഷയം ഉന്നയിക്കുകയും രേഖാമൂലം ഈ വിഷയം മന്ത്രിക്ക് നല്‍കിയതും ആണ് .
അപ്പോഴെല്ലാം ഇവ പരിശോധിച്ചു വരികയാണെന്നും സര്‍ക്കാര്‍ ജോലി നല്‍കുന്ന കാര്യത്തില്‍ ഉടനെ തീരുമാനമു ണ്ടാകുമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ എന്നെ നിരിട്ട് അറിയിച്ചിരുന്നു. പക്ഷേ ഇതുവരെ ആ വാഗ്ദാനം നിറവേറ്റിയിട്ടില്ല.
തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയേയും,കായിക മന്ത്രിയേയും നേരില്‍ കണ്ട് ഈ വിഷയത്തില്‍ അടിയന്തരമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെടും.
സന്തോഷ് ട്രോഫിയില്‍ കേരളത്തിനും മഹാരാഷ്ട്രക്ക് വേണ്ടിയും കഴിവ് തെളിയിക്കുകയുംഇന്ത്യന്‍ ജയ്‌സിയില്‍ പ്രതിരോധ വലയം തീര്‍ക്കുകയും ചെയ്ത് ഇന്ത്യയിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരങ്ങള്‍ വരെ നേടിയിട്ടുള്ള അനസ് എടത്തൊടികയെ പോലുള്ള ഒരു വലിയ ഫുട്‌ബോള്‍ പ്രതിഭക്ക് ഇത്തരത്തില്‍ അവഗണന ഉണ്ടാകുന്നത് നിരാശാജനകമാണ്.
ഈ സാഹചര്യത്തിലാണ് കഴിഞ്ഞ സഭാ കാലയളവില്‍ പോലും മലപ്പുറം ജില്ലക്കാരന്‍ കൂടിയായ മന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയതും മന്ത്രി ഉറപ്പു നല്‍കിയതും. സന്തോഷ് ട്രോഫി താരങ്ങള്‍ക്കും അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പുകളിലും പോലും കളിക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്ന ഇക്കാലത്ത് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളായ അനസ് എടത്തൊടിക, റിനോ ആന്റോ, എന്‍.പി. പ്രദീപ് ഉള്‍പ്പെടെഉള്ള യോഗ്യത ഉള്ളവരെ തഴയുയുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
നമ്മുടെ അഭിമാനമായ താരങ്ങള്‍ക്ക് നീതി ലഭിക്കുന്നത് വരെ നമുക്ക് ഒന്നിച്ചു പോരാടാം.
Content Highlight: M.L.A V.T Ebrahim Announce solidarity to Anas Edathodaka