| Saturday, 28th May 2022, 3:51 pm

ഇന്നായിരുന്നെങ്കില്‍ ഞാനവളെ വിളിച്ചിറക്കിക്കൊണ്ട് വന്ന് രജിസ്റ്റര്‍ വിവാഹം ചെയ്‌തേനെ; നഷ്ടപ്രണയത്തെ കുറിച്ച് എം.എം മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൗമാരകാലത്തെ കുറിച്ചും അന്നത്തെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസുതുറന്ന് മുന്‍ മന്ത്രിയും എം.എല്‍.എയുമായ എം.എം. മണി. ഫ്‌ളവേഴ്‌സ് ചാനലില്‍ ശ്രീകണ്ഠന്‍ നായര്‍ അവതാരകനായ ‘ഫ്‌ളവേഴ്‌സ് ഒരു കോടി ‘ എന്ന പരിപാടിയിലാണ് തന്റെ ആദ്യത്തെ പ്രണയത്തെ കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിക്കാന്‍ കഴിയാതിരുന്നതിനെ കുറിച്ചുമൊക്കെ എം.എം മണി മനസുതുറക്കുന്നത്. 19ാമത്തെ വയസില്‍ തനിക്ക് ആദ്യമായി തോന്നിയ പ്രണയത്തെ കുറിച്ചാണ് എം.എം മണി സംസാരിക്കുന്നത്.

‘അന്ന് 19 വയസാണ് പ്രായം. ഒരു പെണ്‍കുട്ടിയോട് സ്‌നേഹം തോന്നിയിരുന്നു. അയാള്‍ക്കും അത് അറിയാമായിരുന്നു. ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. പക്ഷേ അയാളുടെ വീട്ടുകാര്‍ക്ക് ഈ ബന്ധം ഇഷ്ടമല്ലായിരുന്നു. എന്തുകൊണ്ടാണെന്ന് അറിയില്ല.

അങ്ങനെ എനിക്ക് കല്യാണം ആലോചിക്കുന്ന സമയം ആയപ്പോള്‍ എനിക്ക് ഇങ്ങനെ ഒരു താത്പര്യം ഉണ്ടെന്ന് ഞാന്‍ അച്ഛനോട് പറഞ്ഞു, അച്ഛന്‍ അവരോട് ആലോചിച്ചപ്പോള്‍ അവര്‍ക്ക് താത്പര്യമില്ലെന്ന് പറഞ്ഞു. അവള്‍ക്ക് ഇഷ്ടമായിരുന്നു.

ഒടുവില്‍ ഞാന്‍ അച്ഛനോടും അമ്മയോടും നിങ്ങള്‍ക്ക് ഇഷ്ടമുള്ള പെണ്ണിനെ കണ്ടോളാന്‍ പറഞ്ഞു. അവര്‍ക്ക് ഇഷ്ടമില്ലെങ്കില്‍ പിന്നെ നമ്മള്‍ എന്തിന് പോകണമെന്നാണ് തോന്നിയത്. പക്ഷേ ഒരു കാര്യമുണ്ട്. ഇന്നായിരുന്നെങ്കില്‍ ഞാന്‍ വിളിച്ചോണ്ട് വന്ന് രജിസ്റ്റര്‍ ചെയ്‌തേനെ. അന്ന് അങ്ങനെ ഒന്നും ചിന്തിക്കാനും, ചെയ്യാനും പറ്റില്ല, എം.എം. മണി പറയുന്നു.

അന്ന് പ്രണയനൈരാശ്യം ഉണ്ടായി പ്രശ്‌നത്തിലായോ എന്ന ചോദ്യത്തിന് അതുണ്ടാവുമല്ലോ എന്നായിരുന്നു എം.എം മണിയുടെ മറുപടി. ഈ ആളെ പിന്നീട് എപ്പോഴെങ്കിലും കണ്ടിരുന്നോ എന്ന ചോദ്യത്തിന് കണ്ടിരുന്നെന്നും മന്ത്രിയായ ശേഷമൊന്നും കണ്ടിട്ടില്ലെന്നുമായിരുന്നു മണിയുടെ മറുപടി. ഭാര്യയോട് ഈ കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും എം.എം മണി പറഞ്ഞു.

20ാമത്തെ വയസിലാണ് ഞാന്‍ വിവാഹം കഴിച്ചത്. ഭാര്യയ്ക്ക് അന്ന് 18 വയസാണ്. വിവാഹശേഷവും പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. ഭാര്യയ്ക്ക് ഇതില്‍ പരാതി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അങ്ങനെ ഒന്നും ഇല്ല അത് എന്റെ ഇഷ്ടം പോലെ ആണെന്നായിരുന്നു എം.എം മണിയുടെ മറുപടി. എന്റെ ഇഷ്ടത്തിന് അയാളും ഒപ്പം നിന്നു. സമരങ്ങളിലും പൊതുപ്രവര്‍ത്തനത്തിലും സജീവമാകുന്നതിലൊന്നും ഭാര്യയ്ക്ക് ഒരിക്കലും എതിര്‍പ്പില്ലായിരുന്നു.

ഉത്തമനായ കുടുംബനാഥനാണോ എന്ന ചോദ്യത്തിന് കുഴപ്പമൊന്നുമില്ല, ഭാര്യയോടും മക്കളോടും മാന്യമായി പെരുമാറുന്ന ആളാണ് താനെന്നായിരുന്നു എം.എം. മണിയുടെ മറുപടി. മക്കള്‍ കൊച്ചുങ്ങളാകുമ്പോള്‍ മുതല്‍ രാത്രി വീട്ടില്‍ എത്തി അവരെ കണ്ട ശേഷമേ ഞാന്‍ ഭക്ഷണം കഴിക്കുള്ളൂ. അന്നൊക്കെ അങ്ങനെ ആയിരുന്നു.

ജനിച്ചത് സാമ്പത്തികമായി ഭദ്രതയുള്ള വീട്ടിലൊന്നുമായിരുന്നില്ല. പിന്നെ കൃഷിയൊക്കെ ചെയ്ത് ആറേഴ് ഏക്കര്‍ സ്ഥലവും ആദായവുമൊക്കെ ആയപ്പോള്‍ കുറച്ച് മെച്ചപ്പെട്ടതാണ്. പൊതുപ്രവര്‍ത്തനത്തില്‍ സജീവമായപ്പോള്‍ വീട്ടില്‍ കൃഷിയും കാര്യങ്ങളും നോക്കുന്നില്ലെന്ന പരാതി വന്നിരുന്നെന്നും എം.എം. മണി പറഞ്ഞു.

Content highlight: M.L.A M.M Mani About his Lost Love

We use cookies to give you the best possible experience. Learn more