ചില സിനിമകളെ പ്രോത്സാഹിപ്പിക്കാനും മറ്റു ചില സിനിമകളെ തകര്‍ക്കാനും മലയാളത്തില്‍ ഒരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍.
ഒരു കോടി രൂപ കൊടുത്താല്‍ സിനിമ നല്ലതാണെന്ന് യൂട്യൂബര്‍മാര്‍ പറയും. പണം കൊടുത്തിട്ടില്ലെങ്കില്‍ എത്ര നല്ല സിനിമയേയും മോശമെന്ന് അവര്‍ വിമര്‍ശിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
പണം വാങ്ങി ആദ്യ ദിവസം സ്വന്തം ആളുകളെ തിയേറ്ററില്‍ കയറ്റുകയും അവരെക്കൊണ്ടാണ് അനുകൂലമായ അഭിപ്രായം പറയിക്കുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇതിന് പിന്നില്‍ ഗൂഢ സംഘം ഉണ്ടെന്നും അടുത്ത നിയമസഭാ സമ്മേളത്തില്‍ ഈ വിഷയം താന്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ച ശേഷം മാധ്യമങ്ങളോടാണ് ഗണേഷ് കുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍ക്കാരിനും നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും അറിയാം. ടിക്കറ്റ് വില്‍ക്കുന്ന കമ്പനി സിനിമയുടെ നിലവാരം തീരുമാനിക്കുന്ന പരിതാപകരമായ അവസ്ഥയാണ് ഇന്നുള്ളത്.
ഭരണപക്ഷത്തിരുന്ന് പ്രതിപക്ഷത്തെ പോലെ ഞാന്‍ പ്രവര്‍ത്തിക്കുന്നു എന്ന വിമര്‍ശനത്തില്‍ അടിസ്ഥാനമില്ല. ഏതെങ്കിലും പക്ഷത്തിനോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരെയല്ല എന്റെ വിമര്‍ശനം. സംവിധാനത്തിലെ പോരായ്മകളെയാണ് വിമര്‍ശിക്കുന്നത്.
കലാകാരനെന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇ.സി.എച്ച് ഡിജിറ്റല്‍സര്‍വീസിന്റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഭാര്യ ബിന്ദുവിനോടൊപ്പം എത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് ഗണേഷ് കുമാര്‍ വിസ ഏറ്റു വാങ്ങിയത്.
content highlight: m.l.a ganeshkumar about movie review