ചെന്നൈ: കേരളത്തെ മാതൃകയാക്കി എല്ലാ സംസ്ഥാനങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍. പ്രമേയം പാസാക്കിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നെന്നും സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ സമ്മേളനത്തില്‍ പൗരത്വ നിയമത്തിനെതിരെയും എന്‍.ആര്‍.സിക്കെതിരെയും മുഖ്യമന്ത്രി പളനി സ്വാമിയും പ്രമേയം പാസാക്കണമെന്നും സ്റ്റാലിന്‍ തന്റെ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
‘ 2019ലെ സി.എ.എ നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പാസാക്കിയ പ്രമേയത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇത് മാതൃകയാക്കിയെടുത്ത് എല്ലാ സംസ്ഥാനങ്ങളിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കണം.
സി.എ.എയ്‌ക്കെതിരെയും എന്‍.ആര്‍.സിക്കെതിരെയും എന്‍.പി.ആറിനെതിരെയും തമിഴ്‌നാട് സര്‍ക്കാരും പ്രമേയം പാസാക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്’- സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.
ഭരണ ഘടന സംരക്ഷിക്കപ്പെടേണ്ടത് രാജ്യത്തെ ജനങ്ങളുടെയും ആവശ്യമാണ്. അതിനായി എല്ലാ നിയമസഭകളിലും സി.എ.എയ്‌ക്കെതിരെ പ്രമേയം പാസാക്കണമെന്ന്് സ്റ്റാലിന്‍ ഫേസ്ബുക്കിലും ആവശ്യപ്പെട്ടിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടക്കം മുതലേ ശക്തമായ നിലപാടെടുത്ത ഇദ്ദേഹം കഴിഞ്ഞ ദിവസം നിയമത്തിനെതിരെ സ്വന്തം വീട്ടുമുറ്റത്ത് കോലം വരച്ച് പ്രതിഷേധിച്ചിരുന്നു.
വീടിന് മുന്നിലെ കോലത്തിനൊപ്പം പൗരത്വഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെയുള്ള മുദ്രാവാക്യങ്ങള്‍ കൂടി എഴുതിച്ചേര്‍ത്തായിരുന്നു കോലം.
ചെന്നൈയില്‍ പൗരത്വ ഭേദഗതിക്കെതിരെ കോലം വരച്ച് പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലെടുക്കാന്‍ ചെന്ന അഭിഭാഷകരെയും പൊലീസ് തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് എം.കെ സ്റ്റാലിനും തന്റെ വീടിന്റെ മുന്നില്‍ കോലം വരച്ച് പ്രതിഷേധിച്ചത്.