ചെന്നൈ: ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട പരിപാടികള്‍ ഒഴിവാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്.
ചെന്നൈ ദൂരദര്‍ശന്റെ സുവര്‍ണ ജൂബിലിയും ഹിന്ദി മാസാചരണത്തിന്റെ സമാപനവും സംയുക്തമായി ആഘോഷിച്ച തീരുമാനത്തെ തുടര്‍ന്നാണ് എന്‍.കെ. സ്റ്റാലിന്‍ രംഗത്തെത്തിയത്.
ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദിയെ ഭാഷയെ അടിസ്ഥാനമാക്കി പരിപാടികള്‍ നടത്താനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നാണ് സ്റ്റാലിന്‍ ആവശ്യപ്പെട്ടത്. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ പ്രാദേശിക ഭാഷകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും മാസാചരണം നടത്തണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി ആവശ്യമുന്നയിരിച്ചിരിക്കുന്നത്. ബഹുഭാഷകളുള്ള ഇന്ത്യയെ പോലുള്ള രാജ്യത്ത് ഹിന്ദി ഭാഷയ്ക്ക് ദേശീയ പദവി നല്‍കുന്നതും ആഘോഷിക്കുന്നതും മറ്റു ഭാഷകളെ താറടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന ഒരു ഭാഷയ്ക്കും ദേശീയ പദവി നല്‍കുന്നില്ലെന്നും എം.കെ. സ്റ്റാലിന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഐക്യവും ആദരവും വളര്‍ത്തുന്നതിനായി എല്ലാ പ്രാദേശിക ഭാഷകളും ആഘോഷിക്കപ്പെടണമെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഹിന്ദി അധിഷ്ഠിതമായി പരിപാടികള്‍ നടത്താന്‍ തന്നെയാണ് തീരുമാനമെങ്കില്‍ പ്രാദേശിക ഭാഷകള്‍ക്കും തുല്യപരിഗണന നല്‍കണമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദിവത്ക്കരണത്തിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. 20ാം നൂറ്റാണ്ട് മുതല്‍ തമിഴ്നാട്ടില്‍ ഹിന്ദിവിരുദ്ധ പ്രക്ഷോഭങ്ങള്‍ ഉടലെടുത്തിരുന്നു. ഔദ്യോഗിക ഭാഷാ നിയമം നടപ്പാക്കുന്നതിനെതിരായ പ്രതിഷേധങ്ങള്‍ക്ക് 1960കളില്‍ ഡി.എം.കെയാണ് നേതൃത്വം നൽകിയത്.