| Sunday, 16th April 2023, 5:56 pm

'നന്ദി കെജ്‌രിവാള്‍': ഗവര്‍ണര്‍ വിഷയത്തില്‍ തമിഴ്‌നാടിനെ പിന്തുണച്ച കെജ്‌രിവാളിന് നന്ദി പറഞ്ഞ് സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഗവര്‍ണര്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.

ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകള്‍ പാസാക്കുന്നതില്‍ സമയപരിധി നിശ്ചയിക്കുന്നതിന് അതാത് നിയമസഭകളില്‍ പ്രമേയം പാസാക്കണമെന്ന് ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു. അതിന് അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ പിന്തുണക്കാണ് ഇപ്പോള്‍ നന്ദി പറഞ്ഞ് സ്റ്റാലിന്‍ രംഗത്തെത്തിയത്.

‘ തമിഴ്‌നാടിന്റെ പ്രമേയത്തെ അഭിനന്ദിച്ചതിനും ഞങ്ങളുടെ ഉദ്യമത്തിന്റെ ഭാഗമായതിനും അരവിന്ദ് കെജ്‌രിവാളിന് നന്ദി. ഏത് ജനാധിപത്യത്തിലും നിയമനിര്‍മാണ സഭ പരമാധികാരികളാണ്. എന്നാല്‍ നിയോഗിക്കപ്പെട്ട ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ നിയമനിര്‍മാണ അധികാരത്തെയും ഉത്തരവാദിത്തങ്ങളെയും തുരങ്കം വെക്കരുത്,’ സ്റ്റാലിന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കെജ്‌രിവാള്‍ ഈ ആവശ്യം അംഗീകരിച്ച് സ്റ്റാലിന് കത്ത് നല്‍കുകയും ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

‘ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം കവര്‍ന്നെടുക്കാനും നിയന്ത്രിക്കാനുമുള്ള കേന്ദ്രത്തിന്റെയും അതിന്റെ പ്രതിനിധികളുടെയും നടപടികളെ ഞങ്ങള്‍ അപലപിക്കുന്നു.

സ്റ്റാലിന്റെ പരിശ്രമങ്ങളെ ഞാന്‍ പിന്തുണക്കുന്നു. ഗവര്‍ണര്‍മാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനുള്ള സമയപരിധി നിശ്ചയിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഞങ്ങള്‍ ദല്‍ഹി വിധാന്‍ സഭയിലും അവതരിപ്പിക്കും,’ അദ്ദേഹം പറഞ്ഞു.

നേരത്തെ ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്ന് സ്റ്റാലിന്‍ രാഷ്ട്രപതിയോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഞായറാഴ്ച ദല്‍ഹി മദ്യനയക്കേസില്‍ അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധിച്ച മന്ത്രിമാരടക്കമുള്ള 1500 ആം ആദ്മി പ്രവര്‍ത്തകരെ ദല്‍ഹി പൊലീസ് ചെയ്തു.

സമാനക്കേസില്‍ ഫെബ്രുവരി 26ന് ആം ആദ്മി നേതാവ് മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. 2021-22 വര്‍ഷത്തേക്കുള്ള എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടത്തിയെന്നാണ് സിസോദിയക്ക് എതിരായ കേസ്.

അന്വേഷണത്തോട് സിസോദിയ സഹകരിച്ചില്ലെന്ന് സി.ബി.ഐ ആരോപിച്ചെങ്കിലും ഇത് തെറ്റാണെന്നും താന്‍ ആദ്യഘട്ടം മുതല്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചിരുന്നുവെന്നും സിസോദിയ ഹരജിയില്‍ ചൂണ്ടിക്കാട്ടി.

content highlight: m k stalin thanks to aravind kejriwal

We use cookies to give you the best possible experience. Learn more