| Tuesday, 21st May 2024, 5:53 pm

ഒഡിഷയിലെ ക്ഷേത്രഭണ്ഡാര താക്കോലുകള്‍ തമിഴ്‌നാട്ടിലായിരിക്കുമെന്ന പരാമര്‍ശം; മോദിക്കെതിരെ എം.കെ. സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാടിനെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. തമിഴരെ അധിക്ഷേപിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തണമെന്ന് സ്റ്റാലിന്‍ മോദിയോട് പറഞ്ഞു.

ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ താക്കോല്‍ തമിഴ്‌നാട്ടിലായിരിക്കുമെന്ന മോദിയുടെ പരാമര്‍ശത്തിലാണ് സ്റ്റാലിന്റെ പ്രതികരണം.

വോട്ടിന് വേണ്ടി ഇന്ത്യയുടെ പ്രധാനമന്ത്രി തമിഴരുടെ പ്രതിച്ഛായ ഇത്തരത്തില്‍ മോശമാക്കരുതെന്നും സ്റ്റാലിന്‍ പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളിലൂടെ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ രോക്ഷം വളര്‍ത്തുകയും സംസ്ഥാനങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കുകയുമാണ് മോദിയെന്നും എം.കെ. സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

തമിഴ്‌നാട് ഒഡീഷയുമായി നല്ല ബന്ധവും സൗഹൃദവുമുള്ള സംസ്ഥാനമാണ്. തങ്ങളുടെ ജനങ്ങളെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നത്, കോടിക്കണക്കിന് ആളുകള്‍ ആരാധിക്കുന്ന ഭഗവാന്‍ ജഗന്നാഥനെ അപമാനിക്കുന്നതിന് തുല്യമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

ക്ഷേത്രത്തിലെ നിധി മോഷ്ടിക്കുന്നവരാണ് തമിഴരെന്ന് മോദി ഇകഴ്ത്തി പറയുമ്പോള്‍ അത് സംസ്ഥാനത്തെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമല്ലേയെന്നും സ്റ്റാലിന്‍ ചോദിച്ചു. എന്തുകൊണ്ടാണ് നരേന്ദ്ര മോദി തമിഴരോട് ഇത്രമാത്രം വെറുപ്പ് വെച്ചുപുലര്‍ത്തുന്നതെന്നും സ്റ്റാലിന്‍ ചോദിക്കുകയുണ്ടായി.

തമിഴ്നാട്ടില്‍ വരുമ്പോള്‍ തമിഴിനെ പുകഴ്ത്തി പറയുകയും മറ്റ് സംസ്ഥാനങ്ങളില്‍ ചെന്ന് സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കുന്ന മോദിയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

ഒഡിഷയിലെ രത്നഭണ്ഡാര്‍ താക്കോലുകളെ കുറിച്ചുള്ള ജുഡീഷ്യല്‍ റിപ്പോര്‍ട്ട് എന്തിനാണ് ബി.ജെ.ഡി സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതെന്ന് സംസ്ഥാനത്തെ ജനങ്ങള്‍ അറിയണമെന്ന് മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനിടയിലാണ് താക്കോലുകള്‍ തമിഴ്നാട്ടിലേക്ക് പോയി എന്ന പ്രസ്താവന മോദി ഒഡിഷയില്‍ നടത്തുന്നത്.

ജൂണ്‍ പത്തിന് അധികാരത്തിലെത്തിയാല്‍ ആദ്യം രത്നഭണ്ഡാര്‍ താക്കോലുകളെ കുറിച്ചുള്ള ജുഡീഷ്യല്‍ റിപ്പോര്‍ട്ട് ബി.ജെ.പി പുറത്തുവിടുമെന്നും മോദി പറയുകയുണ്ടായി.

രത്നഭണ്ഡാര്‍ താക്കോലുകള്‍ കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ട് ആറ് വര്‍ഷമായി. ഇത് കണക്കില്‍ പെടാത്ത താക്കോലുകള്‍ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജൂലൈയില്‍ നടക്കാനിരിക്കുന്ന രഥയാത്രയില്‍ രത്നഭണ്ഡാരം തുറക്കുമെന്ന് പറഞ്ഞാണ് ഇതുസംബന്ധിച്ച ആരോപണങ്ങളെ ബി.ജെ.ഡി പ്രതിരോധിക്കുന്നത്.

Content Highlight: M.K. Stalin react Narendra Modi’s remarks against tamilnadu

We use cookies to give you the best possible experience. Learn more