ചെന്നൈ: ദക്ഷിണേന്ത്യയിലെ ജനസംഖ്യയില്‍ ആശങ്ക പ്രകടിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. 16 കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനെ കുറിച്ച് എന്തുകൊണ്ട് ചിന്തിച്ചുകൂടാ എന്ന് എം.കെ. സ്റ്റാലിന്‍ ചോദിച്ചു.
ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതികരിച്ചാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആഹ്വാനമാണ് എം.കെ. സ്റ്റാലിന്‍ നടത്തിയിരിക്കുന്നത്. ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് സംഘടിപ്പിച്ച 31 ദമ്പതികളുടെ സമൂഹ വിവാഹത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്നത്തെ സമൂഹം ചെറിയ കുടുംബങ്ങളായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അവരുടെ ഗൂഢലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ എന്തിനാണ് നമുക്ക് ചെറിയ കുടുംബങ്ങള്‍. 16 കുട്ടികളെ കുറിച്ച് എന്തുകൊണ്ട് ചിന്തിക്കാതിരിക്കണം,’ എന്നാണ് സ്റ്റാലിന്‍ പറഞ്ഞത്.
‘പതിനാറും പെട്ര് പെരുമയായ് വാഴ്ക എന്ന’ ചൊല്ലിനെ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ 16 എന്ന സംഖ്യ കുട്ടികളെ മാത്രമല്ല അഭിസംബോധന ചെയ്യുന്നത്. ഭൂമി, വിദ്യാഭ്യാസം, പങ്കാളി, കുട്ടി, പ്രശസ്തി തുടങ്ങിയ സ്വത്തുക്കളെയാണ് സഖ്യ പ്രതിനിധീകരിക്കുന്നത്.
സംസ്ഥാനത്തെ നവദമ്പതികള്‍ കുഞ്ഞുങ്ങള്‍ക്ക് തമിഴ് പേരുകള്‍ നല്‍കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. പ്രായമായവരുടെ അനുപാതം വര്‍ധിക്കുന്നത് ദക്ഷിണേന്ത്യയുടെ സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരത്തിലുള്ള പ്രതിസന്ധി നേരിടുന്നുണ്ടെന്നും എം.കെ. സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. ഈ രാജ്യങ്ങളിലെല്ലാം പ്രായാധിക്യമുള്ളവരെ എണ്ണം ഗണ്യമായി കൂടുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും ദക്ഷിണേന്ത്യയിലെ ജനസംഖ്യയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നീക്കം തടയുന്നതിന് കൃത്യമായ സൂത്രവാക്യങ്ങള്‍ ഉണ്ടാക്കണമെന്ന് അദ്ദേഹം പ്രതികരിക്കുകയും ചെയ്തിരുന്നു.
അതേസമയം ദക്ഷിണേന്ത്യയിലെ ജനനനിരക്ക് ദേശീയ നിരക്കിനേക്കാള്‍ കുറവാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവും ചൂണ്ടിക്കാട്ടിയിരുന്നു. കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
Content Highlight: M.K.Stalin expressed concern about the population of South India