ചെന്നൈ: കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് സ്റ്റാലിന്റെ പ്രതികരണം. ബാലാജിക്കെതിരെ നടത്തുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും ഓടിഒളിക്കാന്‍ ബാലാജി ഒരു സാധാരണക്കാരനല്ലെന്നും ജനങ്ങളാല്‍ തെരഞ്ഞെടുത്ത എം.എല്‍.എയാണെന്നും അദ്ദേഹം പറഞ്ഞു.
‘ബാലാജിക്കെതിരെ നടത്തുന്നത് രാഷ്ട്രീയ പകപോക്കലാണെതിന് ആര്‍ക്കും സംശയമില്ല. ഇതിലും വലിയ രാഷ്ട്രീയ പകപോക്കല്‍ ഉണ്ടാവില്ല. അദ്ദേഹത്തിന് മേല്‍ തെറ്റുണ്ടെങ്കില്‍ അന്വേഷണം നടത്തേണ്ടെന്ന് ഞാന്‍ പറയുന്നില്ല. ഓടിഒളിക്കാന്‍ ബാലാജി ഒരു സാധാരണക്കാരനല്ല, ജനങ്ങളാല്‍ തെരഞ്ഞെടുത്ത എം.എല്‍.എ ആണ്. അതും അഞ്ച് തവണ എം.എല്‍.എ ആയിട്ടുണ്ട്. രണ്ടാമത്തെ തവണയാണ് മന്ത്രിയായിരിക്കുന്നത്. അങ്ങനെയൊരാളെ തീവ്രവാദിയെ പോലെ അടച്ച് വെച്ച് വിചാരണ ചെയ്യാന്‍ എന്താണുള്ളത്,’ സ്റ്റാലിന്‍ ചോദിച്ചു.
தி.மு.க.காரர்களைச் சீண்டிப் பார்க்க வேண்டாம். எங்களுக்கும் எல்லா அரசியலும் தெரியும். இது மிரட்டல் அல்ல; எச்சரிக்கை! pic.twitter.com/MTA0suBkSh
— M.K.Stalin (@mkstalin) June 15, 2023
എന്തിനായിരുന്നു തിടുക്കപ്പെട്ടുള്ള ഈ വിചാരണയെന്ന് സ്റ്റാലിന്‍ ചോദിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെടുമായിരുന്നെന്നും സ്റ്റാലിന്‍ പറഞ്ഞു.
‘ ബാലാജിയെ സന്ദര്‍ശിക്കാന്‍ ആരെയും അനുവദിച്ചില്ല. അദ്ദേഹത്തിന് നെഞ്ചുവേദന വന്നതിന് ശേഷം മാത്രമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അതിലും വീഴ്ച സംഭവിച്ചിരുന്നെങ്കില്‍ അത് അവരുടെ ജീവന് തന്നെ ആപത്ത് ഉണ്ടാക്കിയിരിക്കും. ഇത്തരമൊരു വിചാരണ ചെയ്യാന്‍ മാത്രം എന്ത് തിടുക്കമാണ് ഉള്ളത്. ജനങ്ങളെ സന്ദര്‍ശിച്ച് രാഷ്ടീയം പറയാന്‍ ബി.ജെ.പി തയ്യാറല്ല. അവരെ വിശ്വസിക്കാന്‍ ജനങ്ങളും തയ്യാറല്ല. ജനങ്ങള്‍ക്ക് വേണ്ടത് ചെയ്താലാണ് ജനങ്ങള്‍ അവരെ വിശ്വസിക്കുകയുള്ളൂ,’ അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപരമായി നേരിടാന്‍ കഴിയാത്തവരെ അന്വേഷണ ഏജന്‍സികളെ വെച്ച് ഭീഷണിപ്പെടുത്തുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
‘ദല്‍ഹിയില്‍ ബി.ജെ.പിയെ എതിര്‍ത്ത ആം ആദ്മി പാര്‍ട്ടിയിലെ മന്ത്രി മനീഷ് സിസോദിയയെ ജയിലിലാക്കി. ബി.ജെ.പിയെ എതിര്‍ത്ത ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന് റെയ്ഡ് നേരിടേണ്ടി വന്നു. ബംഗാളില്‍ മമത ബി.ജെ.പിയെ എതിര്‍ത്തു. അവരുടെ നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടന്നു. ഉത്തര്‍പ്രദേശിലും ഗുജറാത്തിലും മധ്യപ്രദേശിലുമൊന്നും റെയ്ഡ് നടക്കില്ല. കാരണം അവിടെ ഭരണത്തിലിക്കുന്നത് ബി.ജെ.പി ആണ്. ബി.ജെ.പിയെ എതിര്‍ക്കുന്ന എല്ലാ കക്ഷികളുടെ നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തുന്നു. ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം ബി.ജെ.പിയെ എതിര്‍ക്കുന്ന പാര്‍ട്ടി നേതാക്കളുടെ വീട്ടില്‍ മാത്രം 3000 റെയ്ഡുകള്‍ നടന്നു,’ സ്റ്റാലിന്‍ പറഞ്ഞു.
ഭീഷണികള്‍ക്കൊന്നും ഭയപ്പെടുന്നവരല്ല തങ്ങളെന്നും ആര്‍ക്ക് മുന്നിലും തലകുനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഭീഷണികള്‍ക്കൊന്നും ഭയപ്പെടുന്നവരല്ല ഞങ്ങള്‍. അടിച്ചാല്‍ തിരിച്ചടിക്കും.
വാദങ്ങള്‍ക്ക് മറുവാദം പറയാന്‍ ഞങ്ങള്‍ തയ്യാറാണ്. അതല്ലാതെ ഭീഷണിപ്പെടുത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ പ്രതികരിക്കും. ആര്‍ക്കും മുമ്പില്‍ തലക്കുനിക്കില്ല. ഞങ്ങള്‍ക്കും എല്ലാ രാഷ്ടീയവും അറിയാം. ഇത് ഭീഷണിയല്ല,’ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
2011-15 കാലയളവില്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ നിയമനങ്ങള്‍ക്ക് കോഴ വാങ്ങിയെന്നാരോപിച്ചുള്ള കേസില്‍ ഇ.ഡി ഇന്നലെ സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജൂണ്‍ 28വരെ റിമാന്‍ഡില്‍ വിടുകയും ചെയ്തിരുന്നു.
Content Highlight: M K Stalin critise bjp over senthil balaji arrest