| Wednesday, 18th May 2022, 4:33 pm

അര്‍പുതം അമ്മാള്‍ അമ്മയുടെ 31 വര്‍ഷത്തെ നിയമ പോരാട്ടം; അഭിനന്ദിച്ച് എം.കെ സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തമിഴ്‌നാട്: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലിലായ പേരറിവാളന്റെ മോചനത്തിനായി നിയമപോരാട്ടം നടത്തിയ അമ്മ അര്‍പുതം അമ്മാളിനെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.

32 വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായ പേരറിവാളന്‍ പുറത്തിറങ്ങാന്‍ കാരണം അദ്ദേഹത്തിന്റെ അമ്മയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.

സംസ്ഥാന ഭരണത്തില്‍ ഗവര്‍ണര്‍ക്ക് ഇടപെടാന്‍ അവകാശമില്ലെന്ന് തെളിഞ്ഞെന്നും സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചാണ് വിധി പുറപ്പെടുവിച്ചതെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

വിധിയുടെ മുഴുവന്‍ വിശദാംശങ്ങളും ഇന്ന് വൈകുന്നേരമോ നാളെ രാവിലെയോ ഞങ്ങള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും, കേസില്‍ ജീവപര്യന്തം തടവുകാരായ ബാക്കിയുള്ള ആറ് പേരെയും വിട്ടയക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും, സ്റ്റാലിന്‍ പറഞ്ഞു.

മുപ്പത്തിയൊന്ന് വര്‍ഷത്തെ ജയില്‍വാസം അവസാനിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവില്‍ പേരറിവാളനും അമ്മ അര്‍പുതം അമ്മാളും സന്തോഷം പ്രകടിപ്പിച്ചു.

മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉള്‍പ്പടെ മകന്റെ മോചനത്തിന് സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുകയാണെന്ന് പേരറിവാളന്റെ അമ്മ പ്രതികരിച്ചു. അമ്മയുടെ 31 വര്‍ഷത്തെ പോരാട്ടത്തിന്റെ ജയമെന്നായിരുന്നു പേരറിവാളന്റെ പ്രതികരണം.

സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കാന്‍ ഭരണഘടന സുപ്രീംകോടതിക്ക് നല്‍കുന്ന അധികാരം ഉപയോഗിച്ചാണ് പേരറിവാളനെ മോചിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.

മോചനത്തിനുള്ള അപേക്ഷ പേരറിവാളന്‍ തമിഴ്‌നാട് ഗവര്‍ണര്‍ക്ക് 2015 ലാണ് നല്‍കിയത്. എന്നാല്‍ തീരുമാനം എടുക്കാതെ ഗവര്‍ണ്ണര്‍ ഇതു നീട്ടിക്കൊണ്ട് പോയപ്പോഴാണ് പേരറിവാളന്‍ സുപ്രീംകോടതിയില്‍ എത്തിയത്.

പിന്നീട് തമിഴ്‌നാട് സര്‍ക്കാര്‍ മോചനത്തിന് ശിപാര്‍ശ നല്‍കിയെങ്കിലും ഗവര്‍ണര്‍ തീരുമാനം രാഷ്ട്രപതി എടുക്കട്ടെ എന്ന നിലപാട് സ്വീകരിച്ചു. കേന്ദ്രസര്‍ക്കാരും ഗവര്‍ണറുടെ നിലപാടിനോട് യോജിച്ചു.

ഈ വാദം തള്ളിയാണ് സുപ്രീംകോടതി മോചനത്തിന് ഉത്തരവ് നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ നല്‍കിയാല്‍ ഗവര്‍ണര്‍ക്ക് തീരുമാനിക്കാം. അത് രാഷ്ട്രപതിക്ക് വിട്ടത് എന്തിനെന്ന് കോടതി ചോദിച്ചു.

ഭരണഘടനയുടെ 142 ആം അനുച്ഛേദം നല്‍കുന്ന അധികാരം ഉപയോഗിച്ച് കോടതി തന്നെ മോചനത്തിന് ഉത്തരവിടുകയാണെന്നും ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Content Highlights:  M.K Stalin appreciated mother of perarivalan

We use cookies to give you the best possible experience. Learn more