| Tuesday, 11th May 2021, 8:53 am

സൊഹ്‌റാബുദ്ദീന്‍ കേസില്‍ അമിത് ഷായെ ജയിലിലടച്ച പി. കന്തസ്വാമി ഇനി തമിഴ്‌നാട് ഡി.ജി.പി; നിര്‍ണായക നീക്കവുമായി സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ എം.കെ സ്റ്റാലിന്‍ ഡി.ജി.പിയായി നിയമിച്ച ഉദ്യോഗസ്ഥനെ കുറിച്ച് ചര്‍ച്ചകള്‍ ഉയരുകയാണ്. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പി. കന്തസ്വാമിയെയാണ് സ്റ്റാലിന്‍ പുതിയ ഡി.ജി.പിയായി നിയമിച്ചിരിക്കുന്നത്. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ വകുപ്പ് മേധാവിയായാണ് കന്തസ്വാമിയെ നിയമിച്ചിരിക്കുന്നത്.

2005ല്‍ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യ കൗസര്‍ബിയെയും പൊലീസ് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഒരു വര്‍ഷത്തിനുള്ളില്‍ ഇവരുടെ സഹായിയായിരുന്ന തുളസീറാം എന്നയാളും കൊല്ലപ്പെട്ടു. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

തുടര്‍ന്ന് 2010ല്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ അമിത് ഷാ അറസ്റ്റിലായി. സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്ന പി. കന്തസ്വാമിയും ഡി.ഐ.ജി അമിതാഭ് ഠാക്കൂറും ചേര്‍ന്നാണ് അന്ന് അമിത് ഷായെ അറസ്റ്റ് ചെയ്തത്. പിന്നീട് കേസില്‍ അമിത് ഷായെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

പി. കന്തസ്വാമിയെ ഡി.ജി.പിയായി നിയമിച്ചതിലൂടെ ബി.ജെ.പിയ്ക്കും അണ്ണാ ഡി.എം.കെയ്ക്കുമെതിരെ ഒരുപോലെ നടപടികള്‍ സ്വീകരിക്കാനാണ് സ്റ്റാലിന്‍ ശ്രമിക്കുന്നതെന്നാണ് ഇപ്പോള്‍ ഉയരുന്ന ചര്‍ച്ചകള്‍. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയ്‌ക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങളാണ് സ്റ്റാലിന്‍ ഉന്നയിച്ചിരുന്നത്.

മുഖ്യമന്ത്രിയായാല്‍ ഈ ആരോപണങ്ങളെല്ലാം കൃത്യമായി അന്വേഷിക്കുമെന്ന് സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ പി. കന്തസ്വാമിയെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ മേധാവിയായി നിയമിച്ചുകൊണ്ട് അഴിമതി ആരോപണങ്ങളിലെല്ലാം നടപടി സ്വീകരിക്കാനാണ് സ്റ്റാലിന്റെ നീക്കമെന്നാണ് വിലയിരുത്തലുകള്‍. അഴിമതിയില്‍ ഉള്‍പ്പെട്ട ബി.ജെ.പി നേതാക്കള്‍ക്കെതിരെയും ശക്തമായ നടപടികളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: M K Stalin appoints P Kanthaswamy, IPS officer who arrested Amit Shah in Sohrabuddin fake encounter case, as new Tamilnadu DGP

We use cookies to give you the best possible experience. Learn more