കോഴിക്കോട്: കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് നായര്‍ക്കെതിരെ എം.കെ രാഘവന്‍ എം.പി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ജനപ്രതിനിധിയായ തന്നെ അവഹേളിച്ച കലക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് എം.പി പരാതി നല്‍കിയിരിക്കുന്നത്. ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും നേരില്‍ കണ്ടാണ് എം.പി പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എം.കെ രാഘവന്‍ എം.പിയും പ്രശാന്ത് ഐ.പി.എസും തമ്മിലുള്ള യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി ആവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്.
തന്റെ എം.പി ഫണ്ട് വിനിയോഗിക്കുന്നതിന് കലക്ടര്‍ തടസം നില്‍ക്കുന്നതായി എം.കെ. രാഘവന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കഴിഞ്ഞ ഒരുമാസത്തിലധികമായി 35ഓളം ബില്ലുകള്‍ മാറുന്നത് കലക്ടര്‍ ബോധപൂര്‍വം വൈകിപ്പിച്ചെന്നും എം.കെ രാഘവന്‍ ആരോപിച്ചിരുന്നു. ഇതിന് കുന്നംകുളത്തിന്റെ മാപ്പും “ബുള്‍സ്” ഐയുടെ ചിത്രവും ഫേസ്ബുക്കിലിട്ടാണ് എന്‍. പ്രശാന്ത് പ്രതികരിച്ചത്.