ന്യൂദല്‍ഹി: ഉറിയില്‍ സൈനിക ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ യുദ്ധം വേണമെന്ന് മുറവിളി ഉയരുന്നതിനിടെ ഇന്ത്യന്‍ സൈന്യത്തിന്റെ ശേഷിയെ കുറിച്ച് ഗുരുതരമായ സംശങ്ങളുന്നയിച്ച് മുന്‍ സുരക്ഷാ ഉപദേഷ്ടാവും ബംഗാള്‍ മുന്‍ ഗവര്‍ണറുമായിരുന്ന എം.കെ നാരായണന്‍.
ദ ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് എം.കെ നാരായണന്റെ വിമര്‍ശനം. ഇന്ത്യയുടെ സൈന്യത്തിന് പാക്ക് അധീനകാശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ കൃത്യമായി ആക്രമിക്കാനുള്ള ശേഷിയില്ലെന്ന് ലേഖനത്തില്‍ അദ്ദേഹം പറയുന്നു. ഔദ്യോഗിക ജീവിതകാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ചാണ് എം.കെ നാരായണന്റെ ലേഖനം.
ഉത്തര 1 കൊറിയയെപ്പോലെ ആരെയും പേടിയില്ലാത്ത ആണവശക്തിയുള്ള ഒരു തെമ്മാടി രാഷ്ട്രമാണ് പാകിസ്താന്‍. ഒരു യുദ്ധത്തിലേക്ക് പോയാല്‍, അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയ്ക്ക് എതിര്‍പ്പും നേരിടേണ്ടിവരും. പാകിസ്ഥാനെ അക്രമിക്കുന്നതില്‍ നിന്നും ഇന്ത്യയെ പിന്തിരിപ്പിച്ചത് ഇക്കാര്യമാണ്.
പാര്‍ലമെന്റ് ആക്രമണത്തിനും, മുംബൈ ഭീകരാക്രമണത്തിനും ശേഷം പാകിസ്താനെതിരെ നീങ്ങണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എഴുപതുകളില്‍ എന്റബെയില്‍ ഇസ്രായേല്‍ സേന നടത്തിയത് പോലെയോ, മൊഗാദിശുവില്‍ ജര്‍മന്‍ ജി.എസ്.ജി9 സേന നടത്തിയത് പോലെയോ, ബിന്‍ലാദനെ വധിക്കാന്‍ അബട്ടാബാദില്‍ അമേരിക്ക നടത്തിയത് പോലെയോ ഒരു ഓപ്പറേഷന്‍ നടത്താന്‍ ഇന്ത്യന്‍ സൈന്യത്തിനാവില്ല.
അവകാശവാദത്തിനപ്പുറം സായുധസേനയുള്‍പ്പെടെയുള്ള ഇന്ത്യന്‍ സുരക്ഷാസേനകള്‍ക്ക് ഇപ്പോളും ഇത്തരത്തിലുള്ള കഴിവുകളില്ലെന്നും ലേഖനത്തില്‍ എംകെ നാരായണന്‍ പറയുന്നു.
ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകളുടെ സ്‌പെഷ്യല്‍ ഫോഴ്‌സുകള്‍ക്കൊന്നും അമേരിക്കള്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളെ പോലെ യുദ്ധസമയത്ത് എതിര്‍ രാജ്യത്ത് കടന്നുകയറി ഓപ്പറേഷനുകള്‍ നടത്താന്‍ കഴിവുള്ളവയല്ല. സ്വതന്ത്രമായ ഒരു പോരാട്ടത്തിനും സൈന്യത്തിന്റെ ഈ വിഭാഗങ്ങളൊന്നും ശക്തരല്ലെന്നും അദ്ദേഹം പറയുന്നു.
ഒരു തെമ്മാടി രാഷ്ട്രമെന്ന നിലയ്ക്ക് പാകിസ്ഥാനോട് കണ്ണിന് കണ്ണെന്ന തന്ത്രം സ്വീകരിക്കാനാകില്ലെന്നും സൈബര്‍ യുദ്ധവും വെള്ളമടക്കം നല്‍കാതിരിക്കലും പാകിസ്ഥാനെതിരെ സ്വീകരിക്കാമെന്നും എം.കെ നാരായണന്റെ ലേഖനത്തിലുണ്ട്.
ഇന്ത്യന്‍ സായുധസേനയെ കുറിച്ചുള്ള അവകാശവാദങ്ങളെ വിമര്‍ശിച്ച് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവും രംഗത്ത് വന്നിരുന്നു. വിരലിലെണ്ണാവുന്ന അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് കുറഞ്ഞ സമയം കൊണ്ട് തുടച്ചുമാറ്റാവുന്ന ഒന്നുമാത്രമാണ് ഇന്ത്യന്‍ സൈനിക ശക്തിയെന്നും പാവപ്പെട്ട പാകിസ്ഥാനികളോട് എതിരിടാന്‍ മാത്രമേ നമ്മുടെ സായുധ സേനയ്ക്കു കഴിയൂവെന്നും കട്ജു പറഞ്ഞിരുന്നു.