ഒരാഴ്ച സമയം തരും, അതിനുള്ളില്‍ വ്യാജ പ്രചാരകരെ കണ്ടെത്തണം; കാഫിര്‍ വിഷയത്തില്‍ പോലീസിനോട് എം.കെ. മുനീര്‍
Kerala
ഒരാഴ്ച സമയം തരും, അതിനുള്ളില്‍ വ്യാജ പ്രചാരകരെ കണ്ടെത്തണം; കാഫിര്‍ വിഷയത്തില്‍ പോലീസിനോട് എം.കെ. മുനീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th May 2024, 4:23 pm

വടകര: കാഫിര്‍ വിവാദത്തില്‍ ഒരാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.കെ മുനീര്‍. വടകര സി.പി.ഐ.എം ലോക് സഭാ സ്ഥാനാര്‍ത്ഥിയായ കെ.കെ ഷൈലജക്ക് നേരെ ഉണ്ടായ സൈബര്‍ അക്രമണങ്ങളില്‍ യു.ഡി.എഫിന് പങ്കില്ലെന്ന് പറഞ്ഞിട്ടും, കൃത്യമായ അന്വേഷണം നടത്തി പ്രതികളെ പുറത്തു കൊണ്ട് വരാത്തത് പൊലീസിന്റെ അനാസ്ഥയാണെന്ന് മുനീര്‍ കുറ്റപ്പെടുത്തി.

വടകരയില്‍ ഷാഫിക്കെതിരെ നടന്ന കാഫിര്‍ വിവാദത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ റൂറല്‍ എസ്.പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുനീര്‍. വടകരയില്‍ യു.ഡി.ഫിന്റെ സ്ഥാനാര്‍ത്ഥിയായി ഷാഫി വന്നത് മുതല്‍ അദ്ദേഹത്തിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ തനി നിറം വെളിപ്പെടുത്തിയുള്ള പ്രചാരണം അഴിച്ചു വിടുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടകരയില്‍ ഇതിനു മുന്‍പും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയിട്ടുണ്ടെന്നും, ചരിത്രത്തില്‍ അതിനു തെളിവുകള്‍ കാണാനാവുമെന്നും മുനീര്‍ പറഞ്ഞു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പേര് മാറ്റി മാര്‍ക്‌സ് സംഘികള്‍ എന്ന പേരിലേക്ക് മാറുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പിന്റെ തുടക്കം മുതലേ നീചമായ പ്രവര്‍ത്തനങ്ങള്‍ അഴിച്ചു വിട്ട മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൃത്യങ്ങള്‍ വിവരിക്കാന്‍ തങ്ങളുടെ സംസ്‌കാരം അനുവദിക്കില്ലെന്നും എം. കെ മുനീര്‍ പറഞ്ഞു. കാഫിര്‍ വിവാദ ആരോപണം വന്നപ്പോള്‍ തന്നെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു, എന്നിട്ടും ഒരു ഫലവും ഉണ്ടായില്ല . സൈബര്‍ വിങ്ങിനെ പൊലീസ് എന്തിനാണ് തീറ്റിപോറ്റുന്നത്? യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തിയില്ലെങ്കില്‍ പൊലീസ് കേരളീയ സമൂഹത്തോട് മാപ്പ് പറയേണ്ടി വരുമെന്നും മുനീര്‍ പറഞ്ഞു.

പരാജയ ഭീതിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കൊണ്ട് ഇത്തരത്തിലൊരു നടപടി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. എത്ര വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിച്ചാലും അതിനൊക്കെ ജനം മറുപടി പറയുമെന്നും, ആ ഫലം ജൂണ്‍ 4ന് അറിയാമെന്നും മുനീര്‍ പറഞ്ഞു.

Content Highlight: M.K Muneer talk about kafir controversy