Kerala News
ട്രാന്‍സ്മാന്‍ ആയിട്ടുണ്ടെങ്കില്‍ ഒരിക്കലും പ്രസവിക്കില്ല; ലിബറലിസം മാനവികതയെ തന്നെ ചോദ്യം ചെയ്യുന്നു: എം.കെ. മുനീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Feb 12, 02:18 pm
Sunday, 12th February 2023, 7:48 pm

കോഴിക്കോട്: ഒരാള്‍ ട്രാന്‍സ്മാന് ആയിട്ടുണ്ടെങ്കില്‍ ഒരിക്കലും പ്രസവിക്കാനാവില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് നേതാവും എം.എല്‍.എയുമായ എം.കെ. മുനീര്‍. ഒരു സ്ത്രീ പുരുഷനാകാന്‍ ശ്രമിക്കുകയും എന്നാല്‍ അവിടെ എത്താതെ വരികയും ചെയ്തപ്പോഴാണ് പുരുഷന് പ്രസവിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടക്കുന്ന വിസ്ഡം ഇസ്‌ലാമിക് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മുനീര്‍.

ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയക്കും സഹദിനും കുഞ്ഞ് പിറന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത മാധ്യമങ്ങള്‍ പുരുഷന്‍ പ്രസവിച്ചുവെന്ന് പ്രചരപ്പിച്ചു. പുരുഷന്മാര്‍ പ്രസവിക്കുമെന്ന് ആരെങ്കിലും വിചാരിക്കുന്നുവെങ്കില്‍ അവര്‍ മണ്ടന്‍മാരുടെ സ്വര്‍ഗത്തിലാണെന്നും മുനീര്‍ പറഞ്ഞു.

‘പുരുഷന്‍ പ്രസവിച്ചുവെന്ന പ്രചരണം നമ്മെ അത്ഭുതപ്പെടുത്തുന്നു. യഥാര്‍ത്ഥത്തില്‍ പുരുഷന്‍ എങ്ങനെ പ്രസവിക്കും. ഒരു സ്ത്രീ പുരുഷനാകാന്‍ ശ്രമിക്കുകയും എന്നാല്‍ അവിടെ എത്താത്ത അവസ്ഥ വരികയും ചെയ്യുമ്പോള്‍ ഗര്‍ഭപാത്രം അവിടെ തന്നെ നില്‍ക്കുകയാണ് ചെയ്യുന്നത്. പുറം തോടില്‍ ഒരാള്‍ പുരുഷനാണെന്ന് പ്രഖ്യാപിക്കുമ്പോഴും, അവര്‍ സ്ത്രീയാണന്നതിന്റെ തെളിവാണ് അവരുടെ ഗര്‍ഭപാത്രം,’ മുനീര്‍ പറഞ്ഞു.

ഫാസിസം പോലെ ലിബറലിസവും പ്രശ്‌നമായിക്കൊണ്ടിരിക്കുകയാണെന്നും മുനീര്‍ പറഞ്ഞു. ഒരു കാലത്ത് കമ്മ്യൂണിസവും ലിബറലിസവും തമ്മില്‍ ശത്രുക്കളായിരുന്നു. എന്നാല്‍ ഇന്ന് കമ്മ്യൂണല്‍ ലിബറലിസമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ലിബറലിസം മാനവികതയെ തന്നെ ചോദ്യം ചെയ്യുകയാണെന്നും മുനീര്‍ പറഞ്ഞു.

മുസ്‌ലിം വിഭാഗത്തിന് നേരെ വെറുപ്പ് ഉല്‍പാദിപ്പിച്ചാണ് ഭരണകൂടവും അതിന്റെ സംവിധാനങ്ങളും മുന്നോട്ടു പോകുന്നതെന്നും മുനീര്‍ പറഞ്ഞു.

‘ധാരാളം പ്രത്യയശാസ്ത്രങ്ങളെയും പുതിയ നിര്‍വചനങ്ങളെയും ഇന്ന് അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. സഹവര്‍ത്തിത്വമാണ് പ്രധാനം. വ്യത്യസ്തമായ ആശയങ്ങള്‍ ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്. ഫാസിസം, ലിബറലിസം, നാസ്തികത തുടങ്ങി എല്ലാത്തിനെയും പ്രത്യയശാസ്ത്രപരമായി നേരിടേണ്ടതുണ്ട്.

ഫാസിസം തിരുമുറ്റത്ത് എത്തിനില്‍ക്കുന്നുണ്ട്. ഇറ്റലിയിലും ജര്‍മനിയിലും ഉണ്ടായതിന് സമാനമായ ഫാസിസം തന്നെയാണ് ഇന്ത്യയിലുമുള്ളത്. എന്നാല്‍ ഇന്ത്യയിലാണ് ഫാസിസം കൂടുതല്‍ കാലം നിലനിന്നിട്ടുള്ളത്. കാരണം ആര്‍.എസ്.എസ് രൂപീകരണത്തിന്റെ നൂറ് വര്‍ഷം കഴിഞ്ഞു. എല്ലാ ഭരണഘടനാ സംവിധാനങ്ങളെയും ആര്‍.എസ്.എസ് വരുതിയിലാക്കി,’ മുനീര്‍ പറഞ്ഞു.