കോഴിക്കോട്: ആള്‍ക്കൂട്ടം ആരവം മുഴക്കുമ്പോള്‍ മതിമറക്കുന്ന പ്രകൃതമാണ് പ്രധാമന്ത്രിയുടേതെന്ന് ‘ദി പ്രോപ്പര്‍ ചാനലി’ന്റെ സ്ഥാപകന്‍ എം.കെ ഹരിദാസ്. മീഡിയവണ്‍ ഫസ്റ്റ് ഡിബേറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാരിന്റെ എട്ട് വര്‍ഷത്തെക്കുറിച്ചായിരുന്നു ചര്‍ച്ച.
മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്തിന് ആരുടെ മുന്‍പിലും തലകുനിക്കേണ്ടി വന്നിട്ടില്ലെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയിലെ അഭിപ്രായത്തെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് ‘ഇന്ത്യ ഭരിച്ച ഏത് സര്‍ക്കാരാണ് സ്വന്തം ജനങ്ങളുടെ മുന്‍പിലായാലും മറ്റ് രാജ്യങ്ങളുടെ മുന്‍പിലായാലും തലകുനിക്കേണ്ടി വന്നിട്ടുള്ളത്. ഇതിന് മുന്‍പ് അഭിമാനത്തോടെ ഇറങ്ങിപ്പോയ മന്‍മോഹല്‍ സിംഗ് ജനങ്ങളോട് ചെയ്ത പ്രതിബദ്ധമായ കാര്യങ്ങളും മോദി ജനങ്ങളോട് ചെയ്യുന്ന ദ്രോഹപരമായ കാര്യങ്ങളും താരതമ്യം ചെയ്ത് കഴിഞ്ഞാല്‍ എന്തുകൊണ്ടും മനസ്സിലാക്കാന്‍ സാധിക്കും മോദിയേക്കാള്‍ ഒരുപടി മുന്നില്‍ മന്‍മോഹന്‍ സിംഗ് ആണെന്ന് മനസ്സിലാക്കാന്‍ സാധിക്കും,’ എന്നായിരുന്നു എം.കെ ഹരിദാസിന്റെ പ്രതികരണം.
ആള്‍ക്കൂട്ടം ആരവം മുഴക്കുമ്പോള്‍ മതിമറക്കുന്ന പ്രകൃതമാണ് മോദിയുടേത്. വിദേശരാജ്യങ്ങളോ, വിദേശത്തേക്ക് ചേക്കേറിയവരോ അല്ല മോദിയുടെ ഭരണത്തെക്കുറിച്ച് പുകഴ്‌ത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഓരോ നികുതിദായകന്റെയും അക്കൗണ്ടിലേക്ക് 15വലക്ഷം രൂപ തരുമെന്ന് വാഗ്ദാനം ചെയ്ത് ജനങ്ങളെ കബളിപ്പിച്ച മറ്റൊരു പ്രധാനമന്ത്രി ചരിത്രത്തില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ എവിടേയും തലകുനിക്കേണ്ടി വന്നിട്ടില്ലെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. ഗുജറാത്തിലെ രാജ്‌കോട്ടില്‍ ആശുപത്രി ഉദ്ഘാടനം ചെയ്യുന്ന വേദിയിലായിരുന്നു മോദിയുടെ പരാമര്‍ശം. കഴിഞ്ഞ എട്ട് വര്‍ഷമായി, മഹാത്മാഗാന്ധിയും സര്‍ദാര്‍ പട്ടേലും സ്വപ്നം കണ്ട ഇന്ത്യ കെട്ടിപ്പടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നും മോദി പറഞ്ഞു. ഈ കാലയളവില്‍ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മോദി സര്‍ക്കാരിന്റെ എട്ട് വര്‍ഷങ്ങളുടെ പോരായ്മകളെ എണ്ണിപ്പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
നല്ല ദിവസങ്ങള്‍ സുഹൃത്തുക്കള്‍ക്ക് മാത്രം, കൊവിഡ് മൂലം 40 ലക്ഷം പേര്‍ മരണപ്പെട്ടു, രാജ്യത്ത് വര്‍ഗീയത പാരമ്യത്തിലെത്തി, കാര്‍ഷിക നിയമം എന്ന കരിനിയമത്തിന്റെ പേരില്‍ 700 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടമായി, 45 വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്, അരുണാചല്‍ പ്രദേശില്‍ ചൈനയുടെ കടന്നുകയറ്റം, രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആര്‍.എസ്.എസ്‌കാരുടെ കടന്നുകയറ്റം, ഇന്ധനത്തിനും ദൈനംദിന വസ്തുക്കള്‍ക്കുമുണ്ടായ വന്‍ വിലക്കയറ്റം തുടങ്ങി എട്ട് കാരണങ്ങളാണ് രാഹുല്‍ തന്റെ കുറിപ്പില്‍ പരാമര്‍ശിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹ ത്തിന്റെ പ്രതികരണം.
നേരത്തെ മോദി സര്‍ക്കാരിന്റെ എട്ട് തോല്‍വികള്‍ എണ്ണിപ്പറഞ്ഞ് എന്‍.സി.പി നേതാവ് മഹേഷ് തപ്സെ രംഗത്തെത്തിയിരുന്നു. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം, ഉയര്‍ന്ന തൊഴിലില്ലായ്മ, ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിലെ പരാജയം, വിദ്വേഷ രാഷ്ട്രീയം, രൂപയുടെ മൂല്യത്തിലുണ്ടായതകര്‍ച്ച, സാമ്പത്തിക തകര്‍ച്ച, സാമൂഹിക ഘടനയുടെ തകര്‍ച്ച, ജനാധിപത്യത്തെ അടിച്ചമര്‍ത്തല്‍ തുടങ്ങിയ എട്ട് കാര്യങ്ങള്‍ നിരത്തിയായിരുന്നു തപ്സെയുടെ പരാമര്‍ശം.
Content Highlight: M.K Haridas about Narendra Modi